അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു, ദുരൂഹത?, അന്വേഷണവുമായി പൊലീസ് 

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു
വാഹനാപകടത്തില്‍ മരിച്ച റമീസ് സഞ്ചരിച്ച ബൈക്ക്
വാഹനാപകടത്തില്‍ മരിച്ച റമീസ് സഞ്ചരിച്ച ബൈക്ക്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ മൂന്നുനിരത്ത് സ്വദേശിയായ റമീസ് ഇന്ന് രാവിലെ ചികിത്സയിലിരിക്കേ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വാഹനാപകടത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. 

കണ്ണൂര്‍ അഴിക്കോട് വച്ചാണ് അപകടം ഉണ്ടായത്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. റമീസ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  റമീസ് ഉപയോഗിച്ചത് അര്‍ജുന്‍ ആയങ്കിയുടെ ബൈക്കാണെന്ന് പൊലീസ് പറയുന്നു. കാറില്‍ ഉണ്ടായിരുന്നത് അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ ആണെന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഡോക്ടറെ കണ്ട് മടങ്ങിവന്നവരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് റമീസിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ കരിപ്പൂരിലേക്ക് പോയ അര്‍ജുന്‍ ആയങ്കിക്കും സംഘത്തിനുമൊപ്പം റമീസും പോയതായി കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കസ്റ്റംസിന് മുന്‍പാകെ ഹാജരായില്ല. അതിനിടെയാണ് വാഹനാപകടം ഉണ്ടായത്. അതിനാല്‍ വാഹനാപകടത്തില്‍ കസ്റ്റംസ് ദുരൂഹത കാണുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

അപകടത്തില്‍ പരിക്കേറ്റ റമീസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചയോട് കൂടിയാണ് മരണം സംഭവിച്ചത്. 

അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തായിരുന്നു റമീസ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയ്‌ക്കൊപ്പം തന്നെ റമീസിനും ബന്ധമുണ്ട് എന്ന സംശയത്തെതുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടില്‍ കസ്റ്റംസ് റൈയ്ഡ് നടത്തിയിരുന്നു. എന്നാല്‍ റെയ്ഡില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com