കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു

സാമ്പത്തിക തട്ടിപ്പിൽ സിപിഎം നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. ഇ ഡി പൊലീസില്‍ നിന്നും വിശദാംശങ്ങള്‍ തേടി. നൂറു കോടിയുടെ സാമ്പത്തിക തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടെത്തിയ കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ മറവില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സാമ്പത്തിക ക്രമക്കേടിലൂടെ തട്ടിയെടുത്ത പണം എങ്ങനെയാണ് ചെലവഴിച്ചതെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്. വായ്പയ്ക്കായി പണയപ്പെടുത്തിയ ആധാരം വീണ്ടും വീണ്ടും പണയം വെച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി ഇഡിക്ക് വിവരം ലഭിച്ചു. ഈ പണം റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് നിര്‍മ്മാണം എന്നിവയ്ക്ക് വിനിയോഗിച്ചതായും ഇഡിക്ക് തെളിവു ലഭിച്ചു.

കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി കേസെടുക്കാനാണ് ഇ ഡിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രാഥമിക തെളിവുശേഖരണം പൂര്‍ത്തിയായതായാണ് സൂചന. കരുവന്നൂര്‍ സാമ്പത്തിക തട്ടിപ്പ് നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. 

തട്ടിപ്പുമായി ബന്ധപ്പട്ട് ക്രൈംബ്രാഞ്ച് ബാങ്ക് സെക്രട്ടറി ടി ആര്‍ സുനില്‍കുമാറും മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി പുതിയ കേസെടുത്തു. സുനില്‍കുമാര്‍ സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബിജു തൃശൂര്‍ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. ചീഫ് അക്കൗണ്‍ന്റ് സി കെ ജില്‍സും പാര്‍ട്ടി അംഗമാണ്. നാട്ടില്‍ നിന്നും മുങ്ങിയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 

വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഉദ്യോഗസ്ഥര്‍ മുടക്കിയത് തേക്കടിയിലെ റിസോര്‍ട്ടിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മാണത്തിനായി വിദേശത്തു നിന്ന് ഉള്‍പ്പെടെ ഭീമമായ നിക്ഷേപം, ബിനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

46 പേരുടെ ആധാരത്തില്‍ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതടക്കം വന്‍ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നത്.  വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പ എടുക്കുന്നവരെ തിരിച്ചടവിന്റെ പേരില്‍ സമ്മര്‍ദത്തിലാക്കി എത്രയും വേഗം ജപ്തി നടപടിയിലേക്ക് എത്തിച്ച് തട്ടിപ്പുകാര്‍ ആ ഭൂമി തട്ടിയെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഭൂമി മറിച്ചുവിറ്റ് ഇവര്‍ കോടികള്‍ സമ്പാദിക്കുകയും ചെയ്തു.

സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടര്‍ന്ന് 13 അംഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. കരുവന്നൂരില്‍ 104 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com