22 പ്രതികള്‍; കെ സുരേന്ദ്രനും മകനുമടക്കം 216 സാക്ഷികള്‍; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം കോടതിയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനുമടക്കം 216 പേര്‍ സാക്ഷി പട്ടികയിലുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചു. 22 പേര്‍ക്ക് എതിരെയാണ് കുറ്റപത്രം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകന്‍ ഹരികൃഷ്ണനുമടക്കം 216 പേര്‍ സാക്ഷി പട്ടികയിലുണ്ട്. 

ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് കള്ളപ്പണം കര്‍ണാടകയിലെ ബംഗളുരുവില്‍ നിന്ന് കേരളത്തില്‍ എത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കെ സുരേന്ദ്രന്റെയും ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശന്റെയും അടുപ്പക്കാരനാണ് ധര്‍മ്മരാജനെന്നും കുറ്റപത്രത്തില്‍ പറയുന്നു

മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.കേസില്‍ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സി വേണം. തട്ടിയെടുത്ത പണം കണ്ടെത്താന്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയപാതയില്‍ മൂന്നരക്കോടി രൂപ ക്രിമിനല്‍സംഘം കവര്‍ന്നത്. ഒരു കോടി 45 ലക്ഷം  രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com