രണ്ടു തവണ കോവിഡ് വന്നു, കാഴ്ചശക്തി കുറഞ്ഞു ; മലയാളി നവദമ്പതികള്‍ മുംബൈയില്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍

രണ്ട് തവണ കോവിഡ് ബാധിച്ച അജയകുമാറിന് കാഴ്ച ശക്തി  കുറഞ്ഞിരുന്നു
അജയകുമാറും സുജയും / ടെലിവിഷന്‍ ചിത്രം
അജയകുമാറും സുജയും / ടെലിവിഷന്‍ ചിത്രം

മുംബൈ: മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നാലാഞ്ചിറ ഓള്‍ഡ് പോസ്റ്റ് ഓഫിസ് ലെയിന്‍ മൈത്രിയില്‍ അജയകുമാര്‍ (34), ഭാര്യ തക്കല സ്വദേശി സുജ (30) എന്നിവരാണ് മരിച്ചത്.

വര്‍ളിയിലെ ലോവര്‍പരേല്‍ ഭാരത് ടെക്‌സ്‌റ്റൈല്‍ മില്‍ ടവറിലെ ഫ്‌ലാറ്റില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജയകുമാറിന് രണ്ട് തവണ കോവിഡ് ബാധിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും  കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. 

2020 നവംബറിലായിരുന്നു ഇവരുടെ  വിവാഹം. അജയകുമാര്‍ സോന്‍ഡ എന്ന സ്വകാര്യ സ്ഥാപനത്തിലും സുജ ബാങ്ക് ഓഫ് ഇന്ത്യയിലുമാണു ജോലി ചെയ്തിരുന്നത്. ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കോവിഡാനന്തര അസ്വസ്ഥതകളെ തുടര്‍ന്ന് സാധാരണ ജീവിതം നയിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചതായി വര്‍ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കോലി പറഞ്ഞു. 

യുവതിയുടെ അമ്മ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന്, ആ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന സഹപ്രവര്‍ത്തകനെ വിളിച്ചു. തുടര്‍ന്ന് സുഹൃത്ത് ഇവരുടെ ഫ്‌ലാറ്റിലെത്തി നോക്കുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. അജയകുമാറിന്റെ മൃതദേഹം അടുക്കളയിലും സുജയുടേത് ബാത്‌റൂമിലുമാണ് കാണപ്പെട്ടത്. 

ഓണത്തിനു മകനും മരുമകളും നാട്ടിലേക്ക് വരുന്നത് കാത്തിരിക്കുകയായിരുന്നു അജയകുമാറിന്റെ കുടുംബം. ചൊവ്വാഴ്ച രാത്രി വീട്ടിലേക്കു വിളിച്ച അജയകുമാര്‍ ഓണത്തിനു നാട്ടിലെത്താന്‍ ടിക്കറ്റ് എടുക്കുന്ന കാര്യവും പറഞ്ഞതായി അച്ഛന്‍ മധുസൂദനന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com