കെഎസ്ആർടിസി ബസുകൾക്ക് റിവേഴ്‍സ് ഹോൺ, റിസർവേഷൻ സീറ്റുകൾക്ക് കളർ കോഡ്; പുതിയ നിർദേശങ്ങൾ 

ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് റിവേഴ്‍സ് ഹോൺ സംവിധാനം ഒരുക്കുന്നു. കെഎസ്ആർടിസി സ്റ്റേഷനുകളിൽ നിന്ന് ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നീക്കം. തമ്പാനൂർ ഡിപ്പോയിൽ അടുത്തിടെ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽ ഒരാൾ മരിച്ച സാഹചര്യത്തിലാണ്  അടിയന്തിര നടപടി. എല്ലാ ബസുകൾക്കും റിവേഴ്‍സ് ഹോൺ ഘടിപ്പിക്കാൻ സിഎംഡി ബിജു പ്രഭാകർ കർശന നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. 

കെഎസ്ആർടിസി സർവീസിനോട് യാത്രക്കാർക്കുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാൻ ബ്രേക്ക്ഡൗൺ അല്ലെങ്കിൽ അപകടം മൂലം യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടമോ ബ്രേക്ക്ഡൗൺ കാരണമോ യാത്രക്കാരെ പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ലെന്നും ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കണമെന്നുമാണ് നിർദേശം. 

ബസുകളിലെ സംവരണം ചെയ്‍ത സീറ്റുകൾ യാത്രക്കാർക്ക് വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേകം നിറം നൽകി കളർ കോഡിങ് ഏർപ്പെടുത്താനും  നിർദേശിച്ചിട്ടുണ്ട്.  എല്ലാ ബസുകളിലും എയർ വെന്റ് ഡോർ, വാട്ടർ ബോട്ടിൽ ഹോൾഡർ, ഡ്രൈവർ സീറ്റ് ഡ്രൈവർക്ക് സൗകര്യപ്രദമായ രീതിയിൽ വയ്ക്കുന്നതിന് സംവിധാനം, സ്ഥലനാമ ബോർഡുകൾ തെളിഞ്ഞു കാണുന്നതിന് പ്രത്യേക എൽഇ‌ഡി ബോർഡുകൾ എന്നിവയും ഘടിപ്പിക്കാൻ നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com