ഇമ്രാന്റെ ചികില്‍സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16.5 കോടി എന്തു ചെയ്തു ?; ഹൈക്കോടതി

രോഗി മരിച്ചതിനാല്‍ ഈ തുക മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്ന് കോടതി
ഇമ്രാന്‍ മുഹമ്മദ്
ഇമ്രാന്‍ മുഹമ്മദ്

കൊച്ചി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരന്‍ ഇമ്രാന്‍ മുഹമ്മദിന്റെ ചികില്‍സയ്ക്ക് വേണ്ടി പിരിച്ചെടുത്ത 16.5 കോടി രൂപ എന്തുചെയ്‌തെന്ന് ഹൈക്കോടതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. 

രോഗി മരിച്ചതിനാല്‍ ഈ തുക മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്നും കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. അപൂര്‍വരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം തേടുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ആരാഞ്ഞത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അപൂര്‍വരോഗം ബാധിച്ച കുട്ടികള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം നിക്ഷേപിച്ച് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഫണ്ട് കൈമാറ്റം സാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.

അതേസമയം ഇമ്രാന്റെ ചികിത്സയ്ക്കു ലഭിച്ച 16.5 കോടി രൂപ എന്തുചെയ്യണമെന്നത് പിന്നീടു തീരുമാനിക്കുമെന്ന് ചികിത്സാ സഹായസമിതി ചെയര്‍മാനായ മഞ്ഞളാംകുഴി അലി എംഎല്‍എ വ്യക്തമാക്കി. മറ്റു ജനപ്രതിനിധികളും ഇമ്രാന്റെ കുടുംബവും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
അക്കൗണ്ടിലേക്കു വന്ന തുക അതേ അക്കൗണ്ടുകളിലേക്ക് തിരികെ നല്‍കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇമ്രാന്റെ പിതാവ് ആരിഫ് പറഞ്ഞു. അങ്ങാടിപ്പുറം വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടെയും മകനായ ഇമ്രാന്‍ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com