വീശിയടിച്ച് സെക്കൻഡുകൾക്കകം അപ്രത്യക്ഷമാകുന്ന കാറ്റ്, കാരണം കൂമ്പാരമേഘങ്ങൾ; കേരളത്തിൽ സങ്കൽപ്പിക്കാൻ കഴിയാത്ത നാശം വിതയ്ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2021 12:16 PM  |  

Last Updated: 24th July 2021 12:17 PM  |   A+A-   |  

RAIN_CLOUDS

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്തു പലയിടത്തായി സെക്കൻഡുകൾക്കകം നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് ഭീതിപടർത്തുന്നു. ‘മിനി ടൊർണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സർവകലാശാലലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് (അക്കാർ) ഡയറക്ടർ ഡോ എസ് അഭിലാഷ് പറഞ്ഞു. കൂമ്പാരമേഘങ്ങളിൽ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്നവയാണ് സെക്കൻഡുകൾക്കകം വീശിയടിക്കുന്ന ഈ കാറ്റ്. 

പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40–50 കിലോമീറ്റർ വേഗത്തിൽ ഒരേദിശയിൽ മൺസൂൺ കാലത്ത്  കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങൾ കയറിവരുമ്പോഴാണ് വായുപ്രവാഹം ഉണ്ടാകുക. മേഘങ്ങളിൽ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹം മൺസൂൺകാറ്റുമായി ചേർന്നു പ്രത്യേക ദിശയില്ലാതെ ചുഴലിപോലെ വീശിയടിക്കും. അങ്ങോട്ടും ഇങ്ങോട്ടും കുറച്ചുസമയത്തേ വീശുന്ന ഈ കാറ്റ് മേഘം നീങ്ങിക്കഴിയുമ്പോൾ മാറും. 

കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിലും ഇപ്പോൾ കൂമ്പാര മേഘങ്ങൾ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാൻ കഴിയാത്ത ഈ കാറ്റ് മണിക്കൂറിൽ 200 കിലേ‍ാമീറ്റർ വേഗത്തിൽവരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാം. 

 ‌‌ഇന്നും നാളെയും അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ചെറുമേഘസ്ഫേ‍ാടനവും അതിന്റെ ഭാഗമായ ചുഴലിയും വരുംദിവസങ്ങളിൽ വർധിക്കാനുളള സാധ്യതയുണ്ടെന്ന്  കാലാവസ്ഥ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇവ നിലവിൽ പ്രവചിക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ സൂചനകൾ ലഭിക്കുമ്പേ‍ാൾ തന്നെ കരുതിയിരിക്കണമെന്നാണ് പൊതു നിർദേശം.