കൊടകരയിലെ കുറ്റപത്രം മല എലിയെ പ്രസവിച്ചതുപോലെ ; ബിജെപിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്ന് കെ സുരേന്ദ്രന്‍

ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് ആണ് കുറ്റപത്രമായി പുറത്തു വന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു
കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു, സമീപം വി വി രാജേഷ് / ഫെയ്‌സ്ബുക്ക് ലൈവ്‌
കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു, സമീപം വി വി രാജേഷ് / ഫെയ്‌സ്ബുക്ക് ലൈവ്‌


തിരുവനന്തപുരം : കൊടകരയിലെ കുറ്റപത്രം മല എലിയെ പ്രസവിച്ചതുപോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ ഉപോല്‍ബലകമായിട്ടുള്ള ഒരു തെളിവും കുറ്റപത്രത്തിലില്ല. കുറേ ആളുകളുടെ ഇല്ലാത്ത ഫോണ്‍കോളുകള്‍ വെച്ചിട്ടാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

ഇങ്ങനെയാണോ കുറ്റപത്രം തയ്യാറാക്കേണ്ടത് ?. അത് കുറ്റപത്രമല്ല, രാഷ്ട്രീയ പ്രമേയമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രമായി കോടതിയില്‍ കൊടുത്തിരിക്കുന്നത്. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് ആണ് കുറ്റപത്രമായി പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കൊടകര കുഴല്‍പ്പണക്കസുമായി ബന്ധപ്പെട്ട് കൊടുത്ത വാര്‍ത്തകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം ബിജെപിയുടേത് ആണെന്ന് സ്ഥാപിക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നത്. തെളിവിന്റെ കണിക പോലും ഇല്ലാതെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

ധര്‍മ്മരാജന്റെ പരസ്പര വിരുദ്ധമായ രണ്ടു മൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതെങ്ങനെ സാധിക്കും. പരസ്പര വിരുദ്ധ മൊഴിയുള്ളപ്പോള്‍ ധര്‍മ്മരാജനില്‍ നിന്നും എന്തുകൊണ്ട് രഹസ്യമൊഴി എടുത്തില്ലെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കുറ്റപത്രം കൊടുത്തിട്ടുള്ളത്. രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി ബിജെപിയെ അ്പമാനിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ കുറ്റപത്രമാണിത്. ഒരു കോടതിയിലും ഈ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്കാരാണ് പണം കവര്‍ച്ച ചെയ്തതെന്നാണ് പൊലീസ് ഭാഷ്യമായി മാധ്യമങ്ങള്‍ പറഞ്ഞത്. മൂന്ന് ബിജെപി നേതാക്കളുടെ അറിവോടെയാണ് കവര്‍ച്ചയെന്നായിരുന്നു ആരോപണം. കുറ്റപത്രത്തില്‍ ഇതെവിടെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. മൂന്നുമാസക്കാലം സിപിഎമ്മും പൊലീസും ബിജെപിക്കെതിരെ കള്ളവാര്‍ത്തകള്‍ പടച്ചു വിട്ടു എന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ഇടപാട് സിപിഎമ്മിന്റെ ഉനന്ത നേതാക്കളുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. ക്രമക്കേടിനെക്കുറിച്ച് മന്ത്രി എസി മൊയ്തീനും എ വിജയരാഘവനും അറിയാമായിരുന്നു. തട്ടിപ്പിന്‍രെ ബുദ്ധികേന്ദ്രം എസി മൊയ്തീന്റെ ബന്ധുക്കളാണ്. കേസ് അട്ടിമറിക്കുന്നതിനാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കള്ളപ്പണക്കേസ് കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടത്. 

സഹകരണ ബാങ്ക് തട്ടിപ്പിലൂടെയുള്ള കള്ളപ്പണം സിപിഎം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിനിയോഗിച്ചതായി സംശയിക്കുന്നു. ഇരിങ്ങാലക്കുടയില്‍ സിപിഎം സംസ്ഥാനാര്‍ത്ഥി ബിന്ദുവിന്റെ പ്രചാരണത്തിന് ഈ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കള്ളപ്പണം സിപിഎം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com