പണയം വെച്ച വസ്തുവില്‍ മറ്റൊരാള്‍ക്ക് ലോണ്‍; 76കാരിക്ക് ജപ്തി നോട്ടീസ്, കാറളം സഹകരണ ബാങ്കിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ആണ് ഉത്തരവിട്ടത്
കാറളം സഹകരണ ബാങ്ക്‌
കാറളം സഹകരണ ബാങ്ക്‌


തൃശ്ശൂര്‍: കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. വായ്പാ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസെടുക്കാന്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ആണ് ഉത്തരവിട്ടത്. ഉടമയറിയാതെ പണയവസ്തു മറ്റൊരാളുടെ പേരില്‍ കൂടുതല്‍ തുകയ്ക്ക് പുതുക്കി നല്‍കിയെന്നാരോപിച്ച് താണിശ്ശേരി സ്വദേശിനി 76കാരിയായ രത്‌നാവതി നല്‍കിയ പരാതിയിലാണ് ഉത്തരവ്.

തന്റെ പേരിലുള്ള അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് ബാങ്കില്‍ നിന്നും ഹര്‍ജിക്കാരി പണം എടുത്തിരുന്നു. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് ഇതേ വസ്തു ഈടായി കണക്കാക്കി മറ്റൊരാള്‍ക്ക് ഉയര്‍ന്ന തുക നല്‍കുകയായിരുന്നു. ഒടുവില്‍ ഈ ലോണിന്റെ പേരില്‍ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചതിനെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്

ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബാങ്ക് ഒഴിഞ്ഞുമാറിയെന്നും രത്നാവതി പരാതിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജി പരിശോധിച്ച കോടതി, ബാങ്ക് സെക്രട്ടറിക്കും പ്രസിഡന്റിനും എതിരേ കേസെടുക്കാന്‍ ഉത്തരവിട്ടു. തന്റെ ബന്ധുക്കളും വിഷയത്തില്‍ ഉത്തരവാദികളാണെന്ന് രത്നാവതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, വിഷയത്തില്‍ ബാങ്ക് വിശദീകരണം പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്നും പരാതിക്കാരിയും ബന്ധുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഭവം വിവാദമായതെന്നും ബാങ്ക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com