'പേരുകൂടി പറയണം'; കരുവന്നൂര്‍ ബാങ്കില്‍ ഒരു ബന്ധുവുമില്ല; കെ സുരേന്ദ്രന്റെ ആരോപണം തള്ളി മൊയ്തീന്‍

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ബന്ധുവിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എ സി മൊയ്തീന്‍
എ സി മൊയ്തീന്‍/ഫയല്‍ ചിത്രം
എ സി മൊയ്തീന്‍/ഫയല്‍ ചിത്രം


തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ ബന്ധുവിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എ സി മൊയ്തീന്‍. തന്റെ ഒരു ബന്ധുവും കരുവന്നൂര്‍ ബാങ്കില്‍ ഇല്ലെന്ന് മൊയ്തീന്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ ബന്ധുവിന്റെ പേരുകൂടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ കടുത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മൊയ്തീന്‍ പറഞ്ഞു.

ബിജെപി കാടടച്ചു വെടിവെക്കുകയാണ്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയില്‍വെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുന്‍ മന്ത്രി എ സി മൊയ്തീന്റെ ബന്ധുക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ട്. അന്വേഷണം സിപിഎം നേതാക്കളില്‍ എത്താതിരിക്കാനാണ് ക്രൈംബ്രാഞ്ച് അമ്പേഷിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com