സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ; ഒറ്റ ദിവസം കൊണ്ട് വാക്സിൻ നൽകിയത് നാലര ലക്ഷം പേർക്ക്; മന്ത്രി

സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വാക്സിനേഷൻ; ഒറ്റ ദിവസം കൊണ്ട് വാക്സിൻ നൽകിയത് നാലര ലക്ഷം പേർക്ക്; മന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒറ്റ ദിവസം കൊണ്ട് നാലര ലക്ഷം പേർക്ക് വാക്സിൻ നൽകിയതായും വാക്സിൻ ലഭിച്ചാൽ ഏറ്റവും നന്നായി കൊടുത്തു തീർക്കും എന്ന് കേരളം ഒരിക്കൽ കൂടെ തെളിയിച്ചതായും മന്ത്രി വ്യക്തമാക്കി. 

ആകെ 4,53,339 പേർക്കാണ് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് വാക്സിൻ നൽകുന്നത്. ശനിയാഴ്ച വന്ന 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവർക്കും എടുക്കാൻ പോലും തികയില്ല. ഞായറാഴ്ച കൂടുതൽ വാക്സിൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് ലഭിച്ച 2 ലക്ഷം ഡോസ് വാക്സിനും ചേർത്ത് ഇന്ന് രാവിലെ നമുക്ക് ഉണ്ടായിരുന്നത് 602980 ഡോസ് വാക്സിൻ. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. 

മികച്ച രീതിയിൽ വാക്‌സിൻ നൽകുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷൻ. ആരോഗ്യ പ്രവർത്തകർക്കും മുന്നണി പേരാളികൾക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളിൽ വാക്‌സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

ഇന്ന് 1522 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സർക്കാർ തലത്തിൽ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തിൽ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേർക്ക് ഇന്ന് മൂന്ന് ജില്ലകൾ വാക്‌സിൻ നൽകി.59,374 പേർക്ക് വാക്‌സിൻ നൽകിയ കണ്ണൂർ ജില്ലയാണ് മുമ്പിൽ. 53,841 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ലയും 51,276 പേർക്ക് വാക്‌സിൻ നൽകി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,83,89,973 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,28,23,869 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേർക്ക് ഒന്നാം ഡോസും 16.66 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഈ സെൻസസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 53.43 ശതമാനം പേർക്ക് ഒന്നാം ഡോസും 23.19 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാൾ വളരെ മുന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com