ഡിറ്റക്ടീവ് ചമഞ്ഞ് തട്ടിപ്പ്; കൈക്കലാക്കിയത് 25 ലക്ഷം; നയിച്ചത് ആർഭാട ജീവിതം; പെരുമ്പാവൂർ സ്വദേശിയായ 24കാരൻ പിടിയിൽ

ഡിറ്റക്ടീവ് ചമഞ്ഞ് തട്ടിപ്പ്; കൈക്കലാക്കിയത് 25 ലക്ഷം; നയിച്ചത് ആർഭാട ജീവിതം; പെരുമ്പാവൂർ സ്വദേശിയായ 24കാരൻ പിടിയിൽ
സുദർശൻ
സുദർശൻ

മൂവാറ്റുപുഴ: ഡിറ്റക്ടീവ് ചമഞ്ഞ് 25 ലക്ഷം രൂപ തട്ടിയ കേസിൽ മുഖ്യ പ്രതി പിടിയിൽ. പെരുമ്പാവൂർ അശമന്നൂർ സ്വദേശി സുദർശൻ (24) ആണ് പിടിയിലായത്. മൂവാറ്റുപുഴ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി ജില്ലയിലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന പ്രദേശത്തു നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. 

ഓൺലൈനിലെ സ്‌ക്രാച്ച് കാർഡ് തട്ടിപ്പിലൂടെ പണം നഷ്ടമായ ആരക്കുഴ സ്വദേശിക്ക് പണം തിരികെ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. എട്ട് ലക്ഷം രൂപയാണ് ആരക്കുഴ സ്വദേശിക്ക് നഷ്ടമായത്. ഇദ്ദേഹത്തെ സ്വകാര്യ ഡിറ്റക്ടീവാണെന്ന് പറഞ്ഞ് സമീപിച്ച സുദർശൻ പല തവണകളായി 25 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. 

രണ്ട് വർഷം മുമ്പാണ് അരക്കുഴ സ്വദേശിക്ക് സ്‌ക്രാച്ച് കാർഡ് തട്ടിപ്പിലൂടെ എട്ട് ലക്ഷം രൂപ നഷ്ടമായത്. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പായതിനാൽ കാര്യമായ അന്വേഷണം നടത്താനായില്ല. 

അതിനിടെയാണ് സുഹൃത്തുക്കളിലൊരാൾ സ്വകാര്യ ഡിറ്റക്ടീവുകൾ ഇത്തരം കേസുകൾ കണ്ടുപിടിക്കുമെന്ന് പറഞ്ഞത്. തുടർന്നാണ് സുദർശനെ സമീപിക്കുന്നത്. സ്വകാര്യ ഡിറ്റക്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി അതി വിദഗ്ധമായാണ് പണം തട്ടിയെടുത്തത്. 

അന്വേഷണത്തിന്റെ ഭാഗമെന്ന് പറഞ്ഞും അല്ലാതെയും പല ഘട്ടങ്ങളിലായി പണം കൈക്കലാക്കുകയായിരുന്നു. പരാതിക്കാരനെ വിശ്വസിപ്പിക്കാനായി ആർബിഐ ഉദ്യോഗസ്ഥനായും എസ്ബിഐ ഉദ്യോഗസ്ഥനായും പ്രതി ഫോണിൽ വിളിച്ചിരുന്നു. വ്യത്യസ്ത സിം കാർഡുകളിൽ നിന്ന് ശബ്ദം മാറ്റിയാണ് പ്രതി സംസാരിച്ചത്. മാത്രമല്ല, ആർബിഐയിലും ആദായനികുതി വകുപ്പിലും ഫീസ് അടക്കാനുണ്ടെന്ന് പറഞ്ഞും പണം തട്ടി. മാസങ്ങൾ കഴിഞ്ഞിട്ടും ഇത് തുടർന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പരാതിക്കാരന് ബോധ്യമായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. 

ഡിറ്റക്ടീവ് ചമഞ്ഞ് പണം തട്ടുന്ന സുദർശൻ പ്രായമേറിയവരെയും റിട്ട. ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് അതിർത്തിയിലെ രഹസ്യ കേന്ദ്രത്തിൽ ആർഭാട ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതും പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ചു വരികയാണ്. മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ സിജെ മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com