ആദ്യം മിസ്ഡ് കോൾ, സൗഹൃദം സ്ഥാപിച്ച് അശ്ലീല ​ഗ്രൂപ്പുകളിൽ ചേർക്കും; പെൺകുട്ടികളെ വലയിലാക്കുന്ന സംഘം, അറസ്റ്റ്

15 കാരിയെ ഇത്തരത്തിൽ വലയിലാക്കിയത് ചാത്തന്നൂർ സ്വദേശിയായ 17 കാരനാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; മൊബൈൽ ഫോണിലൂടെ പെൺകുട്ടികളെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരിയെ ചൂഷണം ചെയ്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയൽ കോളനി സ്വദേശികളായ ചലഞ്ച് എന്ന ഷൈൻ(20), ചൊള്ളമാക്കൽ വീട്ടിൽ ജോബിൻ(19), ചാത്തന്നൂർ സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്ന് പെൺകുട്ടികളുടെ നമ്പർ ശേഖരിക്കുന്ന സംഘം പെൺകുട്ടികളുടെ ഫോണിലേക്ക് മിസ്ഡ് കോൾ ചെയ്താണ് ഓപ്പറേഷൻ തുടങ്ങുന്നത്. തിരിച്ചു വിളിക്കുന്നതോടെ സൗഹൃദം സ്ഥാപിക്കും. തുടർന്ന് അശ്ലീല ചർച്ചകൾ നടക്കുന്ന വിവിധ ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും നമ്പരുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്നു. 

15 കാരിയെ ഇത്തരത്തിൽ വലയിലാക്കിയത് ചാത്തന്നൂർ സ്വദേശിയായ 17 കാരനാണ്. ലഹരി മരുന്നുകൾക്കും മൊബൈൽ ഗെയിമുകൾക്കും അടിമയായ ഇയാൾ വഴിയാണ് എരുമേലി സ്വദേശികളായ പ്രതികൾക്ക് പെൺകുട്ടിയുടെ നമ്പർ ലഭിച്ചത്. ഇവർ വീഡിയോ കോളിലൂടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവായി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം ചോദിച്ചറിയുകയും പോലീസിനെ സമീപിക്കുകയും ചെയ്തു. 

പോക്സോ, ഐ.ടി. ആക്ടുകൾ പ്രകാരം കേസെടുത്ത പള്ളിക്കൽ പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ സംഘം വലയിലാക്കിയതായുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇത്തരത്തിൽ വശീകരിച്ച് പീഡനത്തിനടക്കം ഉപയോഗിക്കുന്ന സംഘങ്ങൾ സജീവമാണെന്ന് പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com