പരാതി നല്‍കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേരെ കൂടി സസ്‌പെന്‍ഡ് ചെയ്തു ; എന്‍സിപിയില്‍ വീണ്ടും അച്ചടക്ക നടപടി

മന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന്‍ ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ പറഞ്ഞു
പിസി ചാക്കോ / ഫയൽ ചിത്രം
പിസി ചാക്കോ / ഫയൽ ചിത്രം

തിരുവനന്തപുരം : കുണ്ടറ പീഡനപരാതിയുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നടപടി. മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. നടപടി എടുത്തതില്‍ പരാതി നല്‍കിയ യുവതിയുടെ പിതാവും ഉള്‍പ്പെടുന്നു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന കുറ്റത്തിനാണ് നടപടി. 

എന്‍സിപി കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, എന്‍സിപി മഹിളാ വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവതി നല്‍കിയ പരാതിയില്‍ ഉള്‍പ്പെട്ട പത്മാകരന്‍, രാജീവ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

പൊലീസ് സ്റ്റേഷനില്‍ യുവതി കൊടുത്ത പരാതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനാണ് ഹണിക്കെതിരെ നടപടിയെന്ന് പിസി ചാക്കോ പറഞ്ഞു. പ്രദീപ് കുമാറാണ് മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഫോണ്‍ ചെയ്യിച്ചത്. ബെനഡിക്ട് ആണ് ഫോണ്‍ റെക്കോഡ് ചെയ്ത് മാധ്യമങ്ങളില്‍ നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകളും ബെനഡിക്ടിന്റെ പേരിലുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു. 

മന്ത്രിയുടെ ഫോണ്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് തെറ്റാണെന്ന് പി സി ചാക്കോ പറഞ്ഞു. യുവതിയുടെ പരാതി ഒത്തുതീര്‍പ്പാക്കാനാണ് മന്ത്രി വിളിച്ചത്. മന്ത്രിക്കെതിരെ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കും. മന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന്‍ ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ അഭിപ്രായപ്പെട്ടു. 

ഇതു കൂടാതെ, പാര്‍ട്ടിയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ അച്ചടക്കലംഘനങ്ങളുടെ പേരില്‍ രണ്ടു നേതാക്കള്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമിതി അംഗങ്ങളായ  ജയന്‍ പുത്തന്‍ പുരയ്ക്കല്‍, സലിം കാലിക്കറ്റ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി പി സി ചാക്കോ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com