കാത്തുനിന്നത് തെരഞ്ഞെടുപ്പ് കഴിയാന്‍; മുകേഷ് നിലപാട് അറിയിച്ചിട്ടില്ല; പ്രശ്‌നങ്ങള്‍ പുറത്തുപറയാനില്ല; പ്രതികരണവുമായി മേതില്‍ ദേവിക

വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല.
മേതില്‍ ദേവിക മാധ്യമങ്ങളെ കാണുന്നു
മേതില്‍ ദേവിക മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹമോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി മേതില്‍ ദേവിക. എറണാകുളത്തുള്ള് വക്കീല്‍ വഴി നോട്ടീസ് അയച്ചെന്നും മേതില്‍ ദേവിക പറഞ്ഞു. ഇക്കാര്യം വിവാദമാക്കേണ്ടതില്ലെന്നും തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്നും ദേവിക പറഞ്ഞു. 

വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും മേതില്‍ ദേവിക പറഞ്ഞു. തങ്ങള്‍ രണ്ട് പേരും രണ്ട് തരം ആദര്‍ശമുള്ളവരാണ്. വിവാഹ മോചനം ഒരു രാഷ്ട്രീയ വിവാദമാക്കേണ്ടതില്ല.  പിരിയാമെന്ന് ആദ്യം വ്യക്തമാക്കിയത് താനാണെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പുറത്തു പറയാന്‍ താത്പര്യമില്ലെന്നും മേതില്‍ ദേവിക പറഞ്ഞു. 

മുകേഷേട്ടെനിതരെ താന്‍ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഒരു മോശം പ്രസ്താവനയും ഉണ്ടായിട്ടില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. വളരെ വ്യക്തിപരമായ കാര്യമാണ് വിവാഹമോചനം. 40 വര്‍ഷത്തിലേറെയായി അഭിനയരംഗത്തുള്ള മുകേഷേട്ടനെ ഒരു തരത്തിലും അപമാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഒരു കുടുംബത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ ആണിതൊക്കെ. 

വക്കീല്‍ നോട്ടീസില്‍ പങ്കാളിയുമായി തുടര്‍ന്ന് ജീവിക്കാനുള്ള വിശ്വാസം നഷ്ടമായി എന്നുണ്ട്. അതിനെ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കും എന്നറിയില്ല. സൗഹാര്‍ദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള യാതൊരു താത്പര്യവും തനിക്കില്ല. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളുണ്ട്. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട് എന്നതിനര്‍ത്ഥം അദ്ദേഹം മോശക്കാരനായ ഒരു മനുഷ്യനാണ് എന്നല്ല. 

വളരെ ആലോചിച്ച് മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നയാളാണ്. ഞാന്‍ ഈ ഒരു കാര്യവും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. ഒരു വിവാഹബന്ധം വേര്‍പ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ വേദനിപ്പിക്കുന്ന കാര്യമാണിതൊക്കെ. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ചയാവാന്‍ ഇടവരരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഒരു നല്ല ഭര്‍ത്താവായിരുന്നു എന്നു ഞാന്‍ പറയുന്നില്ല. വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല അദ്ദേഹം. ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. 

അഭിഭാഷകര്‍ അടക്കമുള്ള ഇടനിലക്കാര്‍ ഇടപെട്ടാണ് ഇപ്പോള്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ നടപടികള്‍ പൂര്‍ത്തിയാവണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ വക്കീല്‍ നോട്ടീസ് പോലും അതിനുള്ള ഒരു കളമൊരുക്കലാണ്. മുകേഷേട്ടനെ വിവരിക്കാന്‍ എനിക്ക് അറിയില്ല. ഇപ്പോള്‍ പ്രചരിക്കുന്ന പോലെ വലിയൊരു വില്ലനൊന്നുമല്ല അദ്ദേഹം. ഇക്കാര്യത്തില്‍ എന്ത് നിലപാട് അദ്ദേഹമെടുക്കും എന്നറിഞ്ഞൂടാ. വിവാഹമോചനം കഴിഞ്ഞാലും ഒരു സുഹൃത്തായി തുടരാനാവണം എന്നാണ് ആഗ്രഹം. അതെങ്കിലും സാധിക്കട്ടെ

രാഷ്ട്രീയത്തിലേക്ക് വരാനുള്ള തീരുമാനം മുകേഷിന്റെയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ വിവാഹമോചനം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമ്പോള്‍ അതിനെ നേരിടാന്‍ അദ്ദേഹം തയ്യാറായിരിക്കും എന്നാണ്  തോന്നുന്നത്. ഇതൊരു രാഷ്ട്രീയ വിവാദമായി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെ ചെയ്യരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ ഒരു രാഷ്ട്രീയ നേതാവിന്റെ വിവാഹമോചനം സ്വാഭാവികമായും വിവാദമാകും അതില്‍ നമ്മുക്കൊന്നും ചെയ്യാനില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com