വ്യവസായശാലകളില്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം ഓഗസ്റ്റ് ഒന്നു മുതല്‍ ; സംരംഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍  ഓണ്‍ലൈനായി വില്‍ക്കാം

വ്യവസായ സംരംഭങ്ങള്‍ക്കുള്ള എല്ലാ ലൈസന്‍സും ഒരു കേന്ദ്രത്തില്‍നിന്ന് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം നടപ്പിലാക്കും
വ്യവസായ മന്ത്രി പി രാജീവും മുഖ്യമന്ത്രിയും /ഫയല്‍ ചിത്രം
വ്യവസായ മന്ത്രി പി രാജീവും മുഖ്യമന്ത്രിയും /ഫയല്‍ ചിത്രം

തിരുവനന്തപുരം : വ്യവസായശാലകളില്‍ കേന്ദ്രീകൃത പരിശോധനാ സംവിധാനം ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംരംഭകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍  ഓണ്‍ലൈനായി വില്‍ക്കാനുള്ള  സംവിധാനവും കൊണ്ടുവരും.

കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്കുള്ള എല്ലാ ലൈസന്‍സും ഒരു കേന്ദ്രത്തില്‍നിന്ന് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംവിധാനം നടപ്പിലാക്കും. ഇതിനായുള്ള  കരട് ബില്‍ തയ്യാറായി. ഈ സഭാ സമ്മേളനത്തില്‍ത്തന്നെ നിയമമാക്കാനാണ് ശ്രമം. 

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ.കെ.സി സണ്ണിയാണ് സമിതി അധ്യക്ഷന്‍. നിയമ പരിഷ്‌കാര കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കെ.ശശിധരന്‍ നായര്‍, കേന്ദ്ര സര്‍ക്കാര്‍ മുന്‍ സെക്രട്ടറി ടി. നന്ദകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

വ്യവസായ സംഘടനകള്‍, ചേംബറുകള്‍ തുടങ്ങിയവയുമായി സമിതി ചര്‍ച്ച ചെയ്ത്
വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് 3 മാസത്തിനകം സമര്‍പ്പിക്കും. വ്യവസായ നടത്തിപ്പ് ദുഷ്‌കരമാക്കും വിധം ഇപ്പോഴും പ്രാബല്യത്തിലുള്ള ചട്ടങ്ങളും ശിക്ഷാ വ്യവസ്ഥകളും പരിഷ്‌കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ ചുമതല. സമിതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ സൗകര്യങ്ങള്‍ കെ.എസ്.ഐ.ഡി സി ഒരുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. 

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായി, സംരംഭകര്‍ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും അവ ലംഘിച്ചാലുള്ള ശിക്ഷാവിധികളും ലഘൂകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ 50 ഓളം വകുപ്പുകള്‍ ഈ പ്രക്രിയയില്‍ പങ്കാളികളാണ്. ഇതിന്റെ  അടുത്ത ഘട്ടമായാണ് സമിതിയെ നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com