ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലിയേക്കരയില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്നു, കുറ്റിപ്പുറത്ത് വെച്ച് കുരുക്കിലാക്കി ; മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍ അറസ്റ്റിലായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മാസങ്ങളായി ഇവര്‍ എറണാകുളത്ത് ഒളിവിൽ താമസിക്കുകയായിരുന്നു

കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വയനാട് വാഴവറ്റ മൂറ്റാനാനിയില്‍ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് അറസ്റ്റിലായത്. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. 

പ്രതികളുടെ മാതാവ് ഇന്ന് രാവിലെ മരിച്ചിരുന്നു. മാതാവ് മരിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രതികളെ പിടികൂടിയ കാര്യം അറിയിച്ചത്. 

മാസങ്ങളായി ഇവര്‍ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും വയനാട്ടിലേക്ക് പോകുമ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ആലുവ മുതല്‍ പ്രതികളെ പിന്തുടര്‍ന്ന പൊലീസ്, പാലിയേക്കരയില്‍ വെച്ച് തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറം മിനി പമ്പയില്‍ വെച്ച് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.

വ്യാഴാഴ്ചയാണ് പ്രതികളുടെ മാതാവിന്റെ സംസ്‌കാരം. സംസ്‌കാര ചടങ്ങില്‍ പ്രതികള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വേണ്ട സൗകര്യം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. 

മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 701 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ഒരു പ്രതിയെ പോലും പിടികൂടാന്‍ സാധിക്കാത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ ഒത്തു കളിക്കുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളെ പിടികൂടിയത്.

പ്രതികളെ പിടികൂടിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍ ഉന്നതതലയോഗം ചേര്‍ന്നു. അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതികളെ കൊച്ചിയിലെത്തിച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. മുട്ടില്‍ സൗത്ത് വില്ലേജിലെ പട്ടയഭൂമിയില്‍നിന്ന് ഈട്ടിമരം മുറിച്ചു കടത്തിയ കേസില്‍ 2 മരക്കച്ചവടക്കാരും പിടിയിലായിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com