'കോണ്‍ഗ്രസ് എംഎല്‍എയുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൈക്ക് കടിച്ചു; ശിവന്‍കുട്ടി ബോധം കെട്ടുവീണു'; ന്യായീകരണവുമായി ഇപി ജയരാജന്‍

സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും.
കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി
കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കയ്യാങ്കളി

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിച്ച് മുന്‍ മന്ത്രി ഇപി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് ജയരാജന്‍ കുറിപ്പില്‍ പറയുന്നു. സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും കുറിപ്പില്‍ ജയരാജന്‍ പറയുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

യു ഡി എഫ് ഭരണകാലത്തെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു വരികയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം വകവെക്കാനോ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ അന്നത്തെ സ്പീക്കര്‍ എന്‍ ശക്തന്‍ തയ്യാറായില്ല.  ഈ സമയം ഭരണകക്ഷി എംഎല്‍എയായ ശിവദാസന്‍ നായര്‍ അടക്കമുള്ളവര്‍ വെല്ലുവിളികളുമായി പ്രതിപക്ഷത്തെ ആക്രമിക്കാന്‍ നടുത്തളത്തിലേക്ക് ചാടിയിറങ്ങി. ഈ നീക്കങ്ങളെ അപലപിക്കാന്‍ തയ്യാറാകാത്ത സ്പീക്കര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വലിയ ബഹളമായി.  പ്രശ്‌നത്തില്‍ ഇടപെടാതെ സ്പീക്കര്‍ സഭ വിട്ടുപോയി.  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ഇതിനു കൂട്ടുനിന്നു.
യു ഡി എഫ് എംഎല്‍എമാര്‍ എല്‍ ഡി എഫിന്റെ വനിതാ എംഎല്‍എമാരെ ആക്രമിച്ചു. ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ കൈപ്പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിത എംഎല്‍എയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങള്‍ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. വി. ശിവന്‍കുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാല്‍, പ്രതിപക്ഷ എംഎല്‍എമാരായ 6 പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു.  ഭരണകക്ഷി എംഎല്‍എമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചു. 
തികച്ചും പക്ഷപാതപരമായ നിലപാടാണ് യു ഡി എഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. 
അന്യായമായ ഈ കേസ് പിന്‍വലിക്കണം എന്നാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്. 
ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സഭയില്‍ മസില്‍ പവര്‍ ഉപയോഗിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാന്‍ ശ്രമിച്ച ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഒരു നടപടിയുമില്ല. പ്രതിപക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. നീതിപൂര്‍വമായ സമീപനമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണം. 
നിയമ നിര്‍മ്മാണ സഭയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും. 
ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് നടത്തിയ അഴിമതികള്‍ക്കും ദുര്‍ഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത നല്‍കിയത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നീതി നടപ്പാക്കാനായാണ് പ്രവര്‍ത്തിച്ചത്.
കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസില്‍ നിന്ന് തടിയൂരിയവരാണ് ഇപ്പോള്‍ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാന്‍ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. 
സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും.  ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com