പൊലീസ് സംരക്ഷണം തേടി ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി തള്ളി

'പൊലീസ് സംരക്ഷണം വേണം'; ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി തള്ളി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: പൊലീസ് സംരക്ഷണം തേടി ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചായിരുന്നു ഹര്‍ജി.

ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂര്‍ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീനാ ദീപക്, എംവി നിതമോള്‍, ബിന്‍സി ബൈജു എന്നിവരാണ് തങ്ങള്‍ക്കും ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്ത് സമിതി യോഗമോ സ്റ്റാന്‍ഡിങ് കമ്മിറ്റി, ആസൂത്രണ സമിതി, വര്‍ക്കിങ് ഗ്രൂപ്പ്, ഗ്രാമ സഭാ  യോഗങ്ങളോ സമാധാനപരമായി നടത്താന്‍ ആവുന്നില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. യോഗങ്ങള്‍ അലങ്കോലമാക്കുമെന്നു പ്രതിപക്ഷ അംഗങ്ങള്‍ ഭീഷണിപ്പെടുത്തുകയും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ പൊലീസ് സംരക്ഷണം അനുവദിക്കരുതെന്ന് എതിര്‍കക്ഷികളായ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇന്നുവരെ ക്രമസമാധാന പ്രശ്‌നമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ അറിയിച്ചു. ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമ്പോള്‍ പൊലീസിനെ സമീപിക്കാമെന്നും അപ്പോള്‍ പൊലീസ് നിയമപ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നം ഉണ്ടാവുന്ന സാഹചര്യം സംജാതമായാല്‍ ഹര്‍ജിക്കാര്‍ക്ക് പൊലീസ് സ്റ്റേഷനിലോ റൂറല്‍ എസ്പിയുടെ മുമ്പാകെയോ പരാതി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറും റൂറല്‍ എസ്പിയും ആവശ്യമായ നടപടികളിലേക്കു കടക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭരണസമിതിയുടെ നയങ്ങള്‍ക്കോ നടപടികള്‍ക്കോ എതിരെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com