'അവരുടെ എച്ചിൽ ആണ് ഞാൻ കഴിച്ചിരുന്നത്, ഉറങ്ങാൻ കിട്ടിയത് നാല് മണിക്കൂർ'; 16 മാസത്തെ നരകജീവിതം ഓർത്ത് പ്രീതി 

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതി ഏറ്റെടുത്ത ജോലി പ്രീതിക്ക് സമ്മാനിച്ചത് നരകയാതന
പ്രീതി സെൽവരാജ്
പ്രീതി സെൽവരാജ്

"ആ വീട്ടിലെ ആദ്യത്തെ ദിവസം മുതൽ നരകമായിരുന്നു. ലക്ഷങ്ങൾ കൊടുത്ത് അവർ വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. തുടർച്ചയായി പണിയെടുക്കേണ്ടിവന്നു. നാല് മണിക്കൂറാണ് ഉറങ്ങാൻ കിട്ടിയിരുന്നത്. അവരുടെ എച്ചിൽ ആയിരുന്നു എന്റെ ഭക്ഷണം", ദോഹ​യിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് പ്രീതി പറഞ്ഞുതുടങ്ങി. 

എല്ലാ കഷ്ടപ്പാടുകൾക്കും അവസാനമാകുമെന്ന് കരുതി ഏറ്റെടുത്ത ജോലി ഞാറക്കൽ സ്വദേശിയായ പ്രീതി സെൽവരാജിന്  സമ്മാനിച്ചത് നരകയാതനയാണ്. ആ ദിവസങ്ങളെ ഭീതിയോടെ മാത്രമേ പ്രീതിയ്ക്ക് ഓർക്കാൻ കഴിയൂ. 16 മാസത്തോളം നീണ്ടുനിന്ന അടുമത്തത്തിൽ നിന്ന് മോചനം ലഭിച്ചതിന്റെ ആശ്വാസമാണ് ഇപ്പോൾ ഇവർക്കുള്ളത്. 

23,000 രൂപ മാസശമ്പളത്തിന് കരാർ ഉറപ്പിച്ചാണ് 43കാരിയായ പ്രീതി ദോഹയ്ക്ക് വിമാനം കയറിയത്. അതുവരെ ഉണ്ടായിരുന്ന കഷ്ടതകൾക്ക് അവസാനമാകും എന്നായിരുന്നു പ്രതീക്ഷ. 2020 മാർച്ചിൽ ദോഹയിലിറങ്ങിയ പ്രീതി അറബി കുടുംബത്തിന്റെ കൊടിയ പീഡനങ്ങൾക്കാണ് ഇരയായത്. "എന്റെ അവസ്ഥ ഏജന്റുമാരെ അറിയിച്ചെങ്കിലും അവർ ചെവിതന്നില്ല. ഒരു വർഷവും നാല് മാസവും എനിക്കവിടെ പണിയെടുക്കേണ്ടിവന്നു. വീട്ടിൽ പോകണമെന്ന് ഞാൻ നിർബന്ധം പറഞ്ഞപ്പോൾ അവർ ലക്ഷങ്ങൾ നൽകി വാങ്ങിയ അടിമയാണ് ഞാൻ എന്നാണ് പറഞ്ഞത്. ആ വീട്ടിലെ രണ്ട് സ്ത്രീകൾ എന്നും എന്നെ അടിക്കും. വീട്ടിലേക്ക് വിളിക്കാതിരിക്കാൻ എന്റെ ഫോണും അവർ വാങ്ങിവച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന എന്റെ ആവശ്യം ശക്തമായപ്പോൾ ശമ്പളം തരാതെയായി. നാല് മാസമായി എനിക്ക് ശമ്പളം കിട്ടിയിട്ടില്ല", പ്രീതി പറഞ്ഞു. 

വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ഭാ​ഗ്യമാണെന്ന് പ്രീതി പറയുന്നു. ഖത്തറിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനമാണ് ഇവരുടെ മോചനത്തിനായി ഇടപെട്ടത്. പ്രീതിയെ വിദേശത്തേക്കയച്ച ഏജന്റുമാർക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ഞാറക്കൽ സിഐ രാജൻ പറഞ്ഞു. ഇവർ കൂടുതൽ സ്ത്രീകളെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com