പ്രാദേശിക നിയന്ത്രണം?, ദീര്‍ഘനാള്‍ അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് പ്രയാസം; ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം 

ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  ടിപിആര്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തി വരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടാന്‍ കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ബുധനാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് വ്യാപനം കുറയാത്തതില്‍ മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചില മേഖലകളില്‍ രോഗവ്യാപനം കുറയാത്തതാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞത്. ദീര്‍ഘനാള്‍ ഇത്തരത്തില്‍ അടച്ചിടാന്‍ സാധിക്കില്ല. സാധാരണക്കാര്‍ക്ക് ഒരുപാട് പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ ബദല്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണത്തിന് കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. പ്രാദേശിക നിയന്ത്രണം കടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിമാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കേരളത്തിന്  ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിന്‍ കഴിഞ്ഞ ദിവസം കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 

ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com