തോക്ക് എവിടെ നിന്ന് കിട്ടി?, കൊലപാതകത്തിന് മറ്റാരെങ്കിലും സഹായിച്ചോ?; പഴുതടച്ച അന്വേഷണവുമായി പൊലീസ് 

കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ രാഹില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ്
കൊല്ലപ്പെട്ട മാനസ /ടെലിവിഷന്‍ ചിത്രം
കൊല്ലപ്പെട്ട മാനസ /ടെലിവിഷന്‍ ചിത്രം

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ രാഹില്‍ ക്ലോസ് റേഞ്ചില്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ്. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് രാഹില്‍ നെഞ്ചിലും തലയിലും വെടിവച്ചു. ചെവിപ്പുറകില്‍ വെടിയേറ്റ മാനസ ഉടന്‍ തന്നെ നിലത്തു വീണു. അതിന് പിന്നാലെ സ്വയം നിറയൊഴിച്ച് രാഖിലും ജീവനൊടുക്കുകയായിരുന്നു. തലയ്ക്ക് നിറയൊഴിച്ച യുവാവിന്റെ തലയുടെ ഭാഗം പൂര്‍ണമായി ചിതറിതെറിച്ച നിലയിലായിരുന്നുവെന്ന്് പൊലീസ് പറയുന്നു.യുവതിയെ അന്വേഷിച്ച് രാഗിന്‍ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തുകയായിരുന്നു. 

ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നാണ് സൂചന. മാനസയെ മുന്‍പും രാഹില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ശല്യപ്പെടുത്തല്‍ രൂക്ഷമായതോടെ പൊലീസില്‍ പരാതി നല്‍കുകയും പ്രശ്‌നം കണ്ണൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു.ശല്യപ്പെടുത്തുകയില്ലെന്ന് രാഹില്‍ ഉറപ്പു നല്‍കിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കിയത്. 

എന്നാല്‍ പക വളര്‍ന്നതാണ് മാനസയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടു തന്നെയാണ് രാഹില്‍ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.

രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങളും പരിശോധിച്ചാല്‍ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകുമെന്നാണ് പൊലീസിന്റെ നിഗമനം.

ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാല്‍ ഇവര്‍ പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com