18 വര്‍ഷം മുന്‍പ് അബദ്ധത്തില്‍ പേനയുടെ നിബ് വിഴുങ്ങി, ശ്വാസകോശത്തില്‍ കുരുങ്ങി; ആസ്മയെന്ന് കരുതി ദീര്‍ഘകാല ചികിത്സ, വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

18 വര്‍ഷം മുന്‍പ് യുവാവ് അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ നിബ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അതിവിദഗ്ധമായി പുറത്തെടുത്തു
ശ്വാസകോശത്തില്‍ കുരുങ്ങിയ പേനയുടെ നിബ്, സൂരജിനൊപ്പം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍/ എക്‌സ്പ്രസ്
ശ്വാസകോശത്തില്‍ കുരുങ്ങിയ പേനയുടെ നിബ്, സൂരജിനൊപ്പം അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍/ എക്‌സ്പ്രസ്

കൊച്ചി: 18 വര്‍ഷം മുന്‍പ് യുവാവ് അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ നിബ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അതിവിദഗ്ധമായി പുറത്തെടുത്തു. മുഖ്യ ശ്വാസകോശരോഗ വിദഗ്ധ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ ഒഴിവാക്കി ബ്രോങ്കോസ്‌കോപിക് പ്രോസിജീയറിലൂടെ നിബ് നീക്കം ചെയ്തത്. ശ്വാസകോശത്തില്‍ നിബ് കുരുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം യുവാവിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

32കാരനായ ആലുവ സ്വദേശി സൂരജ് 2003ല്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അബദ്ധത്തില്‍ പേനയുടെ നിബ് വിഴുങ്ങിയത്. പേന ഉപയോഗിച്ച് വിസില്‍ ഊതാന്‍ ശ്രമിക്കുന്നതിനിടെയാണ് നിബ് അബദ്ധത്തില്‍ വിഴുങ്ങിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എക്‌സറേയില്‍ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. 

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാണിക്കാന്‍ തുടങ്ങി. കടുത്ത ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടു. ആസ്തമ കൊണ്ടുള്ള ബുദ്ധിമുട്ടായിരിക്കും എന്ന് കരുതി കഴിഞ്ഞ 18 വര്‍ഷം വിവിധ ആശുപത്രികളില്‍ ചികിത്സിച്ചു. 

കഴിഞ്ഞ ഡിസംബറില്‍ സൂരജിന് കോവിഡ് ബാധിച്ചു.രോഗലക്ഷണങ്ങള്‍ വഷളായതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയിലെ പ്രമുഖ ശ്വാസകോശ രോഗവിദഗ്ധന്‍ ഡോ. അസീസ് കെ എസിനെ ചികിത്സയ്ക്കായി സമീപിച്ചു. സിടി സ്‌കാനില്‍ നെഞ്ചില്‍ ബാഹ്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. വലതു ശ്വാസകോശത്തില്‍ താഴെയായി അസ്വാഭാവികമായ നിലയില്‍ ബാഹ്യ വസ്തുവിനെ കണ്ടെത്തുകയായിരുന്നു. കൂടുതല്‍ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താതെ അതിവിദഗ്ധമായാണ് നിബ് പുറത്തെടുത്തത്.  ബ്രോങ്കോസ്‌കോപിക് പ്രോസിജീയറിലൂടെയാണ് നിബ് പുറത്തെടുത്തത്. നിബിനെ മൂടി കൊണ്ടുള്ള കോശചര്‍മ്മം നീക്കം ചെയ്യുന്നതിന് വലിയ പരിശ്രമം വേണ്ടി വന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം സൂരജിനെ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com