റെയില്‍പാളത്തിലെ സ്‌ഫോടക വസ്തു വിവാഹാഘോഷത്തിനിടെ വീണ പടക്കം?; വരന്റെ സഹോദരന്‍ അറസ്റ്റില്‍ 

വരനേയും മറ്റൊരു സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും ചെയ്തു
റെയില്‍പാളത്തിലെ സ്‌ഫോടക വസ്തു വിവാഹാഘോഷത്തിനിടെ വീണ പടക്കം?; വരന്റെ സഹോദരന്‍ അറസ്റ്റില്‍ 


കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കം റെയിൽവേ ട്രാക്കിൽ വീണതോടെ വരന്റെ സഹോദരൻ അറസ്റ്റിൽ. വരനേയും മറ്റൊരു സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും ചെയ്തു. 

സ്ഫോടകവസ്തു നിയമപ്രകാരമാണ് വരന്റെ സഹോദരനെ അറസ്റ്റ് ചെയ്തത്. കല്ലായി റെയിൽവേസ്റ്റേഷന് സമീപം നെല്ലിക്കാവ് പറമ്പിൽ ഹൗസിൽ സുബൈദ മൻസിലിൽ അബ്ദുൽ അസീസിനെയാണ് അറസ്റ്റുചെയ്തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിട്ടാണ് അസീസിന്റെ സഹോദരന്റെ വിവാഹാഘോഷം നടന്നത്.

ഉയർന്ന് മുകളിൽവെച്ച് പൊട്ടുന്ന പടക്കങ്ങൾ പൊട്ടിച്ചിരുന്നു. ഇവയിൽ ഒന്ന് പൊട്ടാതെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തെ ഗുഡ്‌സ്‌ഷെഡ് യാർഡിലേക്കുള്ള ട്രാക്കിൽ വീണു. വെള്ളിയാഴ്ച രാവിലെ ട്രാക്ക് പരിശോധിക്കാനെത്തിയ റെയിൽവേ ജീവനക്കാരൻ പടക്കം കണ്ടതോടെ സംഭവം പോലീസിൽ അറിയിച്ചു.

ഐസ്‌ക്രീം ബോളിന്റെ മാതൃകയിലുള്ള പടക്കമായിരുന്നു ഇത്.  ട്രെയിൻ അട്ടിമറിക്കാൻ ബോംബ് വെച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. ഇതോടെ സിറ്റിപോലീസ് കമ്മിഷണർ എ വി ജോർജിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ട്രാക്കിന് സമീപത്തുള്ള വീട്ടിൽ നിന്ന് വീണ പടക്കമാണെന്ന് വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com