സ്വര്‍ണം, ഡോളര്‍ കടത്ത് കേസ്; അറ്റാഷെയും കോണ്‍സല്‍ ജനറലും പ്രതികളാകും, കസ്റ്റംസ് നോട്ടീസ് അയച്ചു

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കസ്റ്റംസ് പ്രതികളാക്കും
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍



കൊച്ചി: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കസ്റ്റംസ് പ്രതികളാക്കും. കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയും പ്രതികളാക്കാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.

കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാങ്കേതിക അനുമതി മാത്രമാണിത്. ഇവരെ ചോദ്യം ചെയ്യാനാകില്ല. വിചാരണവേളയില്‍ ഇവര്‍ക്ക് ഇന്ത്യയില്‍ എത്തേണ്ടി വരുമോ എന്നതിലും വ്യക്തതയില്ല. സ്വര്‍ണം, ഡോളര്‍ കടത്തുകളില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്.

അനുമതിക്ക് പിന്നാലെ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആറുമാസം മുന്‍പാണ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. 

ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് ഡോളര്‍ക്കടത്തില്‍ പങ്കുണ്ടെന്നാണ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷയെയും ചോദ്യംചെയ്യേണ്ടതുണ്ട്. 

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരകോടി രൂപയുടെ സ്വര്‍ണം ഉണ്ടെന്നു കണ്ടെത്തി. ഈ  ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്നെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സുല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ സ്വപ്നയും സരിത്തും സന്ദീപും റമീസും അടക്കം 24 ലോളം പേരെ പ്രതികളാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com