ആളില്ല, ജനശതാബ്ദിയും ഇന്റർസിറ്റിയും ഇന്നു മുതൽ ഓടില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2021 07:11 AM  |  

Last Updated: 01st June 2021 07:11 AM  |   A+A-   |  

train cancelled

പ്രതീകാത്മക ചിത്രം

 

കൊച്ചി: ലോക്ഡൗണിൽ സംസ്ഥാനമൊട്ടാകെ നിശ്ചലമായിരിക്കുന്ന പശ്ചാതലത്തിൽ വൻ വരുമാന നഷ്ടത്തെത്തുടർന്ന് ജനശതാബ്ദി, ഇന്റർസിറ്റി എക്പ്രസുകൾ ഇന്നുമുതൽ ഓടില്ല. യാത്രക്കാരുടെ എണ്ണം മൂന്നുശതമാനത്തിലേക്കായി കുറഞ്ഞതോടെയാണ് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്പ്രസ് എന്നിവയുടെ സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

1080 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ട്രെയിനുകളിൽ കഴിഞ്ഞയാഴ്ച 30-നും 50-നും ഇടയിൽ യാത്രക്കാർ മാത്രമാണ് സഞ്ചരിച്ചത്. ജനശതാബ്ദി ഒരുദിവസം സർവീസ് നടത്താൻ ശരാശരി നാലുലക്ഷം രൂപ ചെലവ് വരുമ്പോൾ നഷ്ടം പെരുപ്പിക്കേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടംനിർത്താൻ തീരുമാനിച്ചത്.15 ദിവസത്തിനുശേഷം ഇക്കാര്യം പുനരാലോചിക്കും.

ഒരു സെക്ടറിൽ ഒരു വണ്ടി എന്നതാണ് ലോക്ഡൗൺ കാലത്തെ റെയിൽവെയുടെ നയം. ലോക്ഡൗൺ കാലത്ത്  റെയിൽവേയുടെ നയം. മംഗളൂരു റൂട്ടിൽ പകൽ പരശുറാം, രാത്രി മാവേലി. ന്യൂഡൽഹിക്ക് കേരളയും മംഗളയും മുംബൈയ്ക്ക് നേത്രാവതി, ചെന്നൈയ്ക്ക് മെയിൽ, ബംഗളൂരുവിലേക്ക് ഐലൻഡ്, ഹൈദരാബാദിന് ശബരി എന്നിങ്ങനെയാണ് സെക്ടർ തിരിച്ചുള്ള തീവണ്ടി. യാത്രാവണ്ടികൾ കുറച്ചെങ്കിലും ചരക്കുവണ്ടികളുടെ സർവീസ് റെയിൽവേ നടത്തുന്നുണ്ട്. 15-നും 20-നും ഇടയ്ക്ക് ചരക്കുവണ്ടികളാണ് പ്രതിദിനം കേരളത്തിലേക്ക് ഇപ്പോൾ എത്തുന്നത്.