പത്തനംതിട്ടയില്‍ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്‍

പത്തനംതിട്ടയില്‍ 10 പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവ് ഇല്ല: കലക്ടര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


പത്തനംതിട്ട: ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും (ടി.പി.ആര്‍) കൂടുതലുള്ള പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.

പുറമറ്റം, കടപ്ര, നാറാണംമൂഴി, റാന്നിപഴവങ്ങാടി, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, പ്രമാടം, കുന്നന്താനം, റാന്നിപെരുനാട് , പള്ളിക്കല്‍ എന്നീ പത്ത് പഞ്ചായത്തുകളിലും പന്തളം നഗരസഭയിലും ലോക്ക് ഡൗണ്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 20 മുതല്‍ 35 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളാണിവ. നിലവില്‍ ഈ പ്രദേശങ്ങളിലുള്ള രോഗികളുടെ എണ്ണം 100 നും 300 നും ഇടയിലുമാണുള്ളത്. ഈ സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണം തുടരാന്‍ യോഗത്തില്‍ തീരുമാനമായത്.

കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളിലും ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമല്ലെന്നും യോഗം തീരുമാനിച്ചു. ഇളവുകള്‍ ലഭ്യമായ പ്രദേശങ്ങളില്‍ അനുവദിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം. തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, ഷോറൂമുകള്‍, ബാങ്കുകള്‍ തുടങ്ങിയ മറ്റ് സ്ഥാപനങ്ങളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. കര്‍ശന നിയന്ത്രണം ആവശ്യമുള്ള പ്രദേശങ്ങളിലും ഇളവുകളുള്ള സ്ഥാപനങ്ങളിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. 

ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com