കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ്  ആരംഭിച്ചു, പ്രതിഷേധവുമായി ഡിവൈഎഫ്ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2021 08:32 AM  |  

Last Updated: 01st June 2021 08:32 AM  |   A+A-   |  

kollam_bypass

കൊല്ലം ബൈപ്പാസ്/വീഡിയോ ദൃശ്യം

 

കൊല്ലം: കൊല്ലം ബൈപാസ്സില്‍ ടോൾ പിരിവ് ആരംഭിച്ചു. ടോള്‍ പിരിക്കാനുള്ള ശ്രമത്തിന് എതിരെ ‍ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തി.  നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും പറയുന്നു.

രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിക്കാൻ അധികൃതർ എത്തിയതോടെ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. 25 മുതൽ 150 രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ഈടാക്കുന്ന നിരക്ക്. 13 കിലോമീറ്റര്‍ നീളമുള്ള കൊല്ലം ബൈപാസ്സില്‍ നിന്നും ടോള്‍ പിരിക്കാന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. 

എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് അന്ന് പിന്മാറി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണ നടത്തിയ പദ്ധതിക്ക് 352കോടിരൂപയാണ് ചിലവായത്. ഇതില്‍ നിന്നും 176 കോടി പിരിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. 

ടോള്‍ പിരിക്കുന്നതിന്‍റെ ചുമതല യു പി യില്‍ നിന്നുള്ള ഒരുകമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നാല് വരി പാതയും സര്‍വ്വീസ് റോഡുകളും പൂർത്തി ആയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍. അല്ലാത്ത പക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.