കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങി, നിലവിളി; ആറുവയസുകാരിയെ രക്ഷിച്ച് അഗ്നിരക്ഷാ സേന 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 09:55 AM  |  

Last Updated: 02nd June 2021 09:55 AM  |   A+A-   |  

fire force saves life of girl trapped in pot

പ്രതീകാത്മക ചിത്രം

 

കൊല്ലം : കടയക്കലില്‍ കളിക്കുന്നതിനിടെ ആറു വയസുകാരി കലത്തില്‍ കുടുങ്ങി. ദര്‍പ്പക്കാട് നാസില മന്‍സിലില്‍ അജിയുടെ മകള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സീറയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാതാപിതാക്കള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അന്‍സീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തില്‍ അനങ്ങാന്‍ പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകര്‍ത്താക്കള്‍ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്.

രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വാഹനത്തില്‍ കലത്തോടുകൂടി കുട്ടിയെ കടയ്ക്കല്‍ അഗ്‌നിരക്ഷാനിലയത്തില്‍ എത്തിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജെ സുരേഷ് കുമാര്‍, അസി. ഓഫീസര്‍ ടി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.