പാൽവാങ്ങാൻ പോയ സഹോദരിയുടെ മകനെ തിരക്കിയിറങ്ങി, 70കാരി മതിലിടിഞ്ഞു വീണു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 08:16 AM  |  

Last Updated: 02nd June 2021 08:16 AM  |   A+A-   |  

wall collapsed women died

പ്രതീകാത്മക ചിത്രം

 

പാലക്കാട്; മതിലിടിഞ്ഞു വീണ് പരുക്കേറ്റ എഴുപതുകാരി മരിച്ചു. നൂറണി പഠാണിത്തെരുവ് പറത്തെരുവിൽ ആറായി ആണ് മരിച്ചത്. പാൽ വാങ്ങാനായി പോയ സഹോദരിയുടെമകനെ തിരക്കിപ്പോയി മടങ്ങുന്നതിനിടെ മതിലിടിഞ്ഞു വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

സഹോദരിയുടെ മകൻ രവിക്കൊപ്പമാണ് ആറായി താമസിച്ചിരുന്നത്. രാവിലെ പാൽ വാങ്ങാൻ അടുത്തുള്ള പെട്ടിക്കടയിലേക്കുപോയ രവി കുറേനേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാൽ തിരക്കി ഇറങ്ങിയതായിരുന്നു ആറായി. കടയ്ക്കുസമീപമെത്തി രവിയെ കണ്ട് വേഗം പാൽ വാങ്ങിവരാൻ പറഞ്ഞ്‌ റോഡരികിലൂടെ തിരിച്ചുവരുമ്പോളാണ് സ്വകാര്യവ്യക്തിയുടെ പറമ്പിന്റെമതിൽ ഇടിഞ്ഞുവീണത്.

റോഡിൽനിന്ന് അല്പം ഉയർന്നുനിൽക്കുന്ന സ്ഥലത്തിന് സംരക്ഷണണമൊരുക്കി നിർമിച്ചിരുന്ന ഏഴടിയോളം പൊക്കമുള്ള മതിലിലെ സിമന്റിഷ്ടികകൾ ആറായിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കാലിന് അസുഖമുള്ളതിനാൽ ഓടിമാറാനും കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽനിന്ന് 100 മീറ്ററോളം ദൂരത്തായിരുന്നു അപകടം. ശബ്ദംകേട്ട് എത്തിയ സമീപവാസികളും ബന്ധുക്കളും ചേർന്ന് ഉടൻ ആറായിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. കാലിന് ഒടിവും ശരീരത്തിൽ സാരമായ പരിക്കും പറ്റിയ ആറായി വൈകാതെ മരിക്കുകയായിരുന്നു.