മരിച്ചെന്ന് വീട്ടുകാരെ വിളിച്ചുപറഞ്ഞു, മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോൾ 'പരേത' ചികിത്സയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 06:58 AM  |  

Last Updated: 02nd June 2021 07:09 AM  |   A+A-   |  

ambulance

പ്രതീകാത്മക ചിത്രം

 

കൊല്ലം; കോവിഡ് ബാധിച്ചു 55 വയസുകാരി മരിച്ചെന്നുള്ള വിവരം പൊലീസുകാരാണ് വീട്ടുകാരെ വിളിച്ചു പറഞ്ഞത്. ഇതു പ്രകാരം മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണവാർത്ത വ്യാജമാണെന്ന് അറിയുന്നത്.  പൊലീസിന്റെ തെറ്റായ സന്ദേശത്തിൽ മണിക്കൂറുകളോളം ആശങ്കയിലായ വീട്ടുകാർക്കും ബന്ധുക്കൾക്കും ഇതോടെ ആശ്വാസമായെങ്കിലും വിമർശനം ശക്തമാവുകയാണ്. കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയുടെ വ്യാജ മരണ വാർത്തയാണ് പ്രചരിച്ചത്. 

നിലമേൽ കൈതക്കുഴി സ്വദേശിനിയായ 55 വയസുകാരിയായ വീട്ടമ്മ കോവിഡ് പോസിറ്റീവ് ആയി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയതിനാൽ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ബന്ധുക്കളെ ഫോണിൽ വിളിച്ചിട്ട് 3 ദിവസമായിട്ടും ആരെയും കിട്ടിയില്ല. കഴിഞ്ഞ 20 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ 3 ദിവസം മുൻപാണു നെഗറ്റീവ് ആയത്. ബന്ധുക്കളെ കണ്ടെത്തി ആശുപത്രിയിലെത്തിക്കണമെന്ന സന്ദേശമാണ് ആശുപത്രി അധികൃതർ ഈസ്റ്റ് പൊലീസിനു കൈമാറിയത്. 

ഈസ്റ്റ് പൊലീസ് തെറ്റായി മരണവിവരം ആണു ചടയമംഗലം പൊലീസിൽ അറിയിച്ചത്. ചടയമംഗലം പൊലീസ് ഈ വിവരം പൗരസമിതി പ്രവർത്തകൻ ബിനുവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസുമായി ആശുപത്രിയിൽ എത്തിയപ്പോൾ ബന്ധുക്കൾ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെയാണ് കണ്ടത്. ഏതാനും ദിവസത്തിനകം ഇവർക്ക് ആശുപത്രി വിടാനാകുമെന്നു കരുതുന്നു.  സംഭവത്തിൽ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.