കൊടകര കുഴല്‍പ്പണ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍, കൂടുതല്‍ സ്വര്‍ണവും പണവും കണ്ടെത്തി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം


തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ ആണ് അറസ്റ്റിലായത്. ക്രിമിനല്‍ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കവര്‍ച്ചയിലും ഗൂഢാലോചനയിലും സുല്‍ഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. 

പ്രതികളില്‍ നിന്ന് പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തി.കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കല്‍ നിന്ന് കവര്‍ച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവന്‍ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടില്‍ നിന്ന് 50,000 രൂപയും കണ്ടെത്തി.

അതേസമയം, കുഴല്‍പ്പണ കേസില്‍ ബിജെപി ബന്ധം നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ബിജെപിക്ക് എതിരെ സിപിഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും കള്ളപ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. 

പണം ബിജെപിയുടെതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്നതാണ് ബിജെപി നേതാക്കളെ മുഴുവന്‍ ചോദ്യം ചെയ്യുന്നു എന്നരീതിയില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊടകരയിലെ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒരുതരത്തലിമുള്ള ബന്ധമില്ലെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു അതുകൊണ്ടാണ് പൊലീസില്‍ കേസ് കൊടുത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com