കള്ള നോട്ടും വൻ തോതിൽ ചാരായം വാറ്റും; പിന്നാലെ പൊലീസ് പരിശോധന; കഞ്ചാവും എയർ​ ​ഗണ്ണും പിടിച്ചെടുത്തു; പ്രതി ഒളിവിൽ

കള്ള നോട്ടും വൻ തോതിൽ ചാരായം വാറ്റും; പിന്നാലെ പൊലീസ് പരിശോധന; കഞ്ചാവും എയർ​ ​ഗണ്ണും പിടിച്ചെടുത്തു; പ്രതി ഒളിവിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ചാരായം വാറ്റ് കേസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു. വാറ്റു കേന്ദ്രത്തിൽ നിന്ന് കള്ള നോട്ടും വൻ തോതിൽ കോടയും ചാരായവും എക്‌സൈസ് പിടികൂടിയതിന് പിന്നാലെയാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കേസിലെ പ്രതി ഇർഷാദിന്റെ തിരുവനന്തപുരം പാങ്ങോട്ടെ വീട്ടിലായിരുന്നു പൊലീസ് പരിശോധന. ഇയാൾ ഒളിവിലാണ്.

തിരുവനന്തപുരം വാമനപുരത്ത് ചാരായം വാറ്റു കേന്ദ്രത്തിൽ നിന്ന് ഇന്നലെ 161500 രൂപയുടെ കള്ള നോട്ടും വൻ തോതിൽ കോടയും ചാരായവും എക്‌സൈസ് പിടികൂടിയിരുന്നു. മടത്തറയിൽ ജെസിബി തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിൽ വാടകയ്‌ക്കെടുത്ത വീട്ടിൽ വാമനപുരം എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. 

വീടിനു സമീപത്തുണ്ടായിരുന്ന കാറിൽ നിന്നാണ് കള്ള നോട്ട് കണ്ടെത്തിയത്. കാറിന്റെ ഗിയർ ലിവറിന്റെ മുൻവശത്തുള്ള രഹസ്യ അറയിലാണ് 500 രൂപയുടെ 323 വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ സൂക്ഷിച്ചത്. കള്ള നോട്ട് കേസ് പിന്നീട് നെടുമങ്ങാട് പോലീസിന് കൈമാറി. 

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് നെടുമങ്ങാട് പൊലീസ് വാറ്റു കേന്ദ്രം നടത്തിയിരുന്ന ഇർഷാദിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നാണ് രണ്ടര കിലോ കഞ്ചാവും എയർ ഗണ്ണും 36,500 രൂപയും കണ്ടെടുത്തത്. വീടിന്റെ ടറസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. നെടുമങ്ങാട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com