മക്കള്‍ക്ക് വിഷം നല്‍കി, ആത്മഹത്യ ചെയ്തു; സംഭവം മൊബൈലില്‍ പകര്‍ത്തി യുവതി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2021 11:13 AM  |  

Last Updated: 03rd June 2021 11:14 AM  |   A+A-   |  

woman commits suicide

പ്രതീകാത്മക ചിത്രം

 

കൊല്ലം: കുടംബഴക്കിനെ തുടര്‍ന്ന് രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവരമുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിതയാണ് മരിച്ചത്. 31 വയസായിരുന്നു. ആറും ഒന്‍പതും വയസും ഉള്ള കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ശ്രീജിത വിഷം കഴിച്ച് മരിക്കുകയായിരുന്നു. കുട്ടികള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകര്‍ത്തി മൊബൈല്‍ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ ബന്ധു ഓടിയെത്തുകയായിരുന്നു. ഇയാളെത്തിയപ്പോള്‍ മൂന്ന് പേരും അവശനലയില്‍ ആയിരുന്നു. ഉടന്‍ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രാത്രിയില്‍ത്തന്നെ മാറ്റി.

ബുധനാഴ്ച വൈകീട്ടോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളില്‍ ഇതൊന്നുമറിയാതെ അനില്‍കുമാര്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും നിരന്തരമായി ഉണ്ടായ കുടുംബവഴക്കുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.