റോഡിനെക്കുറിച്ച് മന്ത്രിയോട് നേരിട്ട് പരാതി പറയാം; ആഴ്ചയിൽ ഒരു ദിവസം ഫോൺ ഇൻ പരിപാടിയുമായി മുഹമ്മദ് റിയാസ്

റോഡിനെക്കുറിച്ച് മന്ത്രിയോട് നേരിട്ട് പരാതി പറയാം; ആഴ്ചയിൽ ഒരു ദിവസം ഫോൺ ഇൻ പരിപാടിയുമായി മുഹമ്മദ് റിയാസ്
ഫോൺ ഇൻ പരിപാടിയിൽ മുഹമ്മദ് റിയാസ്/ വീഡിയോ ദൃശ്യം
ഫോൺ ഇൻ പരിപാടിയിൽ മുഹമ്മദ് റിയാസ്/ വീഡിയോ ദൃശ്യം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങളുമായി സംവദിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വകുപ്പിൻ്റെ തത്സമയ ഫോൺ ഇൻ പരിപാടിയിലൂടെയാണ് മന്ത്രി ജനങ്ങളുടെ അഭിപ്രായവും നിർദ്ദേശവും കേട്ടത്. ഒരു മണിക്കൂറിനിടയിൽ ഇരുപതിലധികം ഫോൺ കോളുകൾക്ക് മന്ത്രി മറുപടി നൽകി.

മഴക്കാലത്തോടനുബന്ധിച്ച് ആഴ്ചയിൽ ഒരു ദിവസം ജനങ്ങളുടെ അഭിപ്രായം തേടാൻ ഫോൺ ഇൻ പരിപാടി നടത്താനാണ് തീരുമാനം. കഴിഞ്ഞ ആഴ്ചയും മന്ത്രി ജനങ്ങമായി സംവദിച്ചിരുന്നു. ഉന്നയിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കൃത്യമായ വിലയിരുത്തൽ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

റോഡിൻ്റെ ശോചനീയാവസ്ഥ, അപകട സാധ്യത കുറക്കാൻ ഉള്ള നിർദ്ദേശം, ഡ്രയിനേജുകളുടെ പ്രശ്നം,  റോഡരികുകളിലെ മാലിന്യ നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.  

തൃശൂർ ജില്ലയിലെ നെടുമ്പുരയിൽ റോഡരികിൽ നാളുകളായി നിർത്തി ഇട്ട റോഡ് റോളർ മാറ്റാത്തതാണ് പരാതിയായി ഉന്നയിച്ചത്. വേഗത്തിൽ റോഡ് റോളർ മാറ്റി റിപ്പോർട്ട് നൽകാൻ മന്ത്രി ഉദ്യോഗസ്ഥന് നിർദ്ദേശം നൽകി. കഴക്കൂട്ടം തോന്നക്കൽ - കല്ലൂർ റോഡിലെ പ്രശ്നം ഉയർന്നു വന്നപ്പോൾ സ്ഥലം സന്ദർശിച്ച് നടപടി എടുക്കാൻ മന്ത്രി നിർദ്ദേശിച്ചു. റോഡരികിൽ മാലിന്യ നിക്ഷേപം നടത്തുന്നുവെന്ന വീട്ടമ്മയുടെ പരാതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പാണ് മന്ത്രി നൽകിയത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് ഓടയിൽ നിന്നുള്ള വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടിക്കും മന്ത്രി നിർദ്ദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com