ഒരു നോക്കു നോക്കി, തുമ്പിക്കൈ രണ്ടു വട്ടം ചുഴറ്റി ബ്രഹ്മദത്തന്‍ തിരിഞ്ഞുനടന്നു; ആനയുടെ സ്‌നേഹം, കണ്ണീര്‍ക്കാഴ്ച-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 10:57 AM  |  

Last Updated: 04th June 2021 10:57 AM  |   A+A-   |  

ana4

വിഡിയോ ദൃശ്യംകൊച്ചി: ഇരുപത്തിനാലു കിലോമീറ്റര്‍ താണ്ടി ഓമനച്ചേട്ടനെ കാണാന്‍ വന്നതാണ് ബ്രഹ്മദത്തന്‍. ഒന്നേ നോക്കിയുള്ളൂ, രണ്ടു വട്ടം തുമ്പിക്കൈ ആകാശത്തേക്കു ചുറ്റി അഭിവാദ്യം പോലെ അന്ത്യാഞ്ജലി. പിന്നെ തിരിഞ്ഞു നടത്തം. ആരെയും കണ്ണീരണിയിക്കുന്ന കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

കാല്‍നൂറ്റാണ്ടായി ഒപ്പമായിരുന്നു പാപ്പാന്‍ ഓമനച്ചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരന്‍ നായരും (74) ബ്രഹ്മദത്തനും. പാലാ സ്വദേശി പല്ലാട്ട് രാജേഷ് ബ്രഹ്മദത്തനെ വാങ്ങുമ്പോള്‍ ഒപ്പം വന്നതാണ് ഓമനച്ചേട്ടന്‍. വല്ലാത്ത കൂട്ടായിരുന്നു ഇരുവരും. ഒരിക്കല്‍ പോലും ഓമനച്ചേട്ടന്‍ പ്രിയപ്പെട്ട ആനയെ ഉപദ്രവിച്ചിട്ടില്ലെന്ന്  അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. 

രണ്ടാഴ്ച മുന്‍പ് ചെറിയൊരു ചുമ വന്നതാണ് ഓമനച്ചേട്ടത്. കോവിഡ് ആണെന്ന സംശയത്തില്‍ പരിശോധിച്ചു. കോവിഡ് അല്ല, മറ്റേതെങ്കിലും ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തില്‍ കാന്‍സറാണെന്നു കണ്ടെത്തുന്നത്. 

കീമോതെറാപ്പിക്കു തുടക്കമിട്ടെങ്കിലും ഓമനച്ചേട്ടന്റെ നില വഷളാവുകയായിരുന്നു. പിന്നെ ബ്രഹ്മദത്തനെ കാണാന്‍ ഓമനച്ചേട്ടന്‍ വന്നിട്ടില്ല. ഇക്കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ പ്രിയപ്പെട്ട പാപ്പാനെ അവസാനമായി കാണാന്‍ ബ്രഹ്മദത്തന്‍ എത്തിയതാണ്, ആരോ പകര്‍ത്തി സമൂഹ മാധ്യമത്തിലിട്ട കണ്ണീര്‍ക്കാഴ്ച!