വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 09:56 AM  |  

Last Updated: 04th June 2021 09:56 AM  |   A+A-   |  

maveli store

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൊതുകമ്പോളത്തിലെ വില നിലവാരം പിടിച്ചുനിര്‍ത്തുന്നതിന് 70 പുതിയ വില്‍പ്പനശാലകള്‍ സിവില്‍ സപ്ലൈസ് ആരംഭിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 97 വില്‍പ്പനശാലകള്‍ നവീകരിച്ചു. സിവില്‍ സപ്ലൈസിനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും. കേരളത്തിലെ റേഷന്‍ കടശൃംഖലയെ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസിനൊപ്പം അതാത് സ്‌കൂളിലെ അധ്യാപകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. പൊതു ഓണ്‍ലൈന്‍ അധ്യയനസംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 10 കോടി വകയിരുത്തും. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള സ്‌കീമിന് കെഎസ്എഫ്ഇ രൂപം നല്‍കിയിട്ടുണ്ട്. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു