എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; 1500 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 09:27 AM  |  

Last Updated: 04th June 2021 09:35 AM  |   A+A-   |  

kn_balagopal_budget

കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ

 

തിരുവനന്തപുരം: സൗജന്യവാക്‌സിന്‍ എല്ലാവര്‍ക്കും എത്രയും വേഗം ലഭ്യമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 18വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി.  വാക്‌സിന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും. 

തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നൽകും. അടുത്ത കാലവർഷത്തിനു മുൻപ് ഇതിൻറെ ഗുണഫലം ലഭിക്കും. 4 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.

പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാ മെഡിക്കൽ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കൾ വർധിപ്പിക്കും. 150 മെട്രിക് ടൺ ശേഷിയുള്ള ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങൾ നടപ്പാക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. തോമസ് ഐസക് അവതരിപ്പിച്ചത് സമഗ്രമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.