ചെറുകിട കച്ചവടക്കാര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങാന്‍ വായ്പ, 3000 കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക്; ഹൈഡ്രജന്‍ ബസുകളും വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 12:02 PM  |  

Last Updated: 04th June 2021 12:02 PM  |   A+A-   |  

KERALA BUDGET

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തു ബസുകള്‍ നിരത്തിലിറക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ വിഹിതമായി പത്തുകോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന പത്രവിതരണക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഹോം ഡെലിവറി നടത്തുന്ന യുവാക്കള്‍ തുടങ്ങിയവര്‍ക്ക് ഇന്ധനചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും ഇലക്ട്രിക് ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരു വായ്പാ സ്‌കീം ആവിഷ്‌കരിക്കും. വരുന്ന സാമ്പത്തികവര്‍ഷത്തില്‍ 10000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോറിക്ഷയും വാങ്ങാനായി 200 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്യുന്നത്. പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും. പലിശ ഇളവ് നല്‍കുന്നതിന് 15 കോടി രൂപ വകയിരുത്തിയതായും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനനഷ്ടം കുറയ്ക്കുന്നതിന് പ്രാരംഭ നടപടിയെന്ന നിലയില്‍ കെഎസ്ആര്‍ടിസിയുടെ 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് ഘട്ടംഘട്ടമായി മാറ്റും. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം 100 കോടി രൂപയായി വിഹിതം ഉയര്‍ത്തിയതായി ധനമന്ത്രി അറിയിച്ചു.