കടമെടുത്തും നാടിനെ രക്ഷിക്കും;  ചെലവു ചുരുക്കി മാറിനില്‍ക്കുന്നത് ഇടതുപക്ഷ സമീപനമല്ല: ധനമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 12:34 PM  |  

Last Updated: 04th June 2021 12:34 PM  |   A+A-   |  

KERALA BUDGET ANNOUNCEMENT

കെ എന്‍ ബാലഗോപാല്‍, ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമായ അവസ്ഥയില്‍ അല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പില്ലാതെയുളള ജിഎസ്ടി നടപ്പാക്കല്‍, ഓഖി, പ്രളയങ്ങള്‍, മഹാമാരിയുടെ ഒന്നും രണ്ടും തരംഗങ്ങള്‍, സാമ്പത്തിക മാന്ദ്യം എന്നിവ നികുതി  നികുതിയേതര വരുമാനത്തെ വളരെ പ്രതികൂലമായി ബാധിച്ചു. വരുമാന വളര്‍ച്ചാ നിരക്കുകള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറി. എന്നാല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ല. കൂടുകയാണ് ഉണ്ടായത്. പ്രതിസന്ധി ഘട്ടത്തില്‍ ഇത് സ്വാഭാവികമാണെന്നും ബജറ്റ് പ്രസംഗത്തില്‍ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യവും പ്രകൃതി ദുരന്തവും വരുമ്പോള്‍ വേണമെങ്കില്‍ സര്‍ക്കാരിന് ചെലവ് ചുരുക്കി മാറി നില്‍ക്കാം. ഇടതു പക്ഷത്തിന്റെ സമീപനം അതല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ കടമെടുത്തായാലും മുന്‍നിരയില്‍ നിന്ന് നാടിനെ ആപത്തില്‍ നിന്നും രക്ഷിക്കുക എന്നതാണ് ഇടതുപക്ഷ സമീപനം. ഒന്നാം പിണറായി സര്‍ക്കാര്‍ അതാണ് ചെയ്തത്. ആ നയം തന്നെ ഈ സര്‍ക്കാരും പിന്‍തുടരുമെന്നും മന്ത്രി പറഞ്ഞു.  

എന്നാല്‍ നികുതി  നികുതിയേതര വരുമാനം കൂട്ടാതെ ഇനി അധികകാലം പിടിച്ചു നില്‍ക്കാനാകില്ല എന്നതിന് സംശയമില്ല. ചെലവ് ചുരുക്കല്‍ നടപടികളും അനിവാര്യമായി വരും. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള ഏറ്റവും സമഗ്രമായ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ഈ രണ്ട് കാര്യങ്ങളും ഊര്‍ജ്ജിതമാക്കാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇപ്പോഴുള്ളത്. കോവിഡ് മഹാമാരിയുടെ പ്രഭാവം തണുപ്പിക്കാന്‍ കഴിഞ്ഞാല്‍ സമ്പദ് ഘടന അതിവേഗം സാധാരണ നിലയിലേക്ക് വരുകയും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുകയും ചെയ്യും. ആ ഘട്ടത്തില്‍ നികുതി  നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള പരിശ്രമം ശക്തമായിത്തന്നെ ആരംഭിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

 
ആ നിലയ്ക്ക് സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് കൊണ്ട് കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ സമ്പദ് ഘടന വളര്‍ച്ചയുടെ പാതയിലേക്ക് വന്നു കഴിഞ്ഞാല്‍ നികുതി  നികുതിയേതര വരുമാനത്തിന്റെ കാര്യത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. അതിനു വേണ്ടിയുളള ഗൃഹപാഠം സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തുടങ്ങുകയാണെന്നും മന്ത്രി ബജറ്റവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.