'ലോകം കീഴ്‌മേല്‍ മറിയുന്നു', മരത്തിന് മുകളില്‍ മണിക്കൂറുകള്‍ കാത്തിരുന്ന് പകര്‍ത്തിയ ചിത്രം; അന്താരാഷ്ട്ര അവാര്‍ഡ് നേടി മലയാളി 

തോമസ് വിജയന്‍ പകര്‍ത്തിയ മരത്തില്‍ വലിഞ്ഞുകയറുന്ന ഒറാങ്ങുട്ടാന്റെ ചിത്രം നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രഫി അവാര്‍ഡ്‌ നേടി
അവാര്‍ഡ് നേടിയ തോമസ് പകര്‍ത്തിയ ചിത്രം/ നേച്ചര്‍ ടിടിഎല്‍ വെബ്‌സൈറ്റ്
അവാര്‍ഡ് നേടിയ തോമസ് പകര്‍ത്തിയ ചിത്രം/ നേച്ചര്‍ ടിടിഎല്‍ വെബ്‌സൈറ്റ്

സ്വദിക്കാതെ കടന്നുപോകാന്‍ കഴിയുന്ന ഒരു ചിത്രമല്ല ഇത്. ഈ ചിത്രത്തിലെ അസാധാരണമായ വീക്ഷണവും ഘടനയും ശ്രദ്ധിക്കുന്ന നിമിഷം എന്താണ് കാണുന്നതെന്ന് തിട്ടപ്പെടുത്താനാകും നിങ്ങള്‍ ശ്രമിക്കുക. തോമസ് വിജയന്‍ പകര്‍ത്തിയ മരത്തില്‍ വലിഞ്ഞുകയറുന്ന ഒറാങ്ങുട്ടാന്റെ ചിത്രം നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രഫി അവാര്‍ഡ്‌ നേടിയെടുത്തതും ഈ സവിശേഷത കൊണ്ടാണ്. എണ്ണായിരത്തോളം ചിത്രങ്ങളില്‍ നിന്നാണ് മലയാളിയായ തോമസ് അവാര്‍ഡിന് അര്‍ഹനായത്. 'ലോകം കീഴ്‌മേല്‍ മറിയുന്നു' എന്നാണ് ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. 

കാനഡയില്‍ സ്ഥിരതാമസമാക്കിയ തോമസ് ബോര്‍ണിയോ ദ്വീപില്‍ വച്ചാണ് അവാര്‍ഡ് നേടിയ ചിത്രമെടുത്തത്. വെള്ളത്തില്‍ നില്‍ക്കുന്ന മരത്തിന് ചുവടെ മണിക്കൂറുകള്‍ കാത്തുനിന്നാണ് ചിത്രം പകര്‍ത്തിയത്. "ബോര്‍ണിയോയില്‍ കുറച്ച് ദിവസം ചിലവിട്ടപ്പോള്‍ ഈ ഫ്രെയിം മനസ്സില്‍ പതിഞ്ഞു. ആകശത്തിന്റെ പ്രതിഫലനം കിട്ടാന്‍ വേണ്ടിയാണ് വെള്ളത്തില്‍ നില്‍ക്കുന്ന മരം തേടിപ്പിടിച്ചത്. ചിത്രത്തെ തലകീഴായി തോന്നിക്കുന്ന രീതിയില്‍ വെള്ളം ഒരു കണ്ണാടി പോലെ നിലകൊണ്ടു", തോമസ് വിവരിച്ചു. 

ഒറാങ്ങുട്ടന്മാരുടെ സ്ഥിരം സഞ്ചാരപഥമാണിത്. അതുകൊണ്ട് ക്ഷമയുണ്ടെങ്കില്‍ ഫലം കിട്ടുമെന്ന് ഉറപ്പായിരുന്നു. മരത്തില്‍ കയറി മണിക്കൂറുകള്‍ കാത്തിരുന്നാണ് ചിത്രമെടുത്തത്, തോമസ് പറഞ്ഞു. 1500 പൗണ്ട് (ഒന്നര ലക്ഷത്തോളം രൂപ)യാണ് അവാര്‍ഡ് തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com