കർണാടകയുമായി പോരാട്ടത്തിനില്ല, കെഎസ്​ആർടിസി ഡൊമെെൻ വിട്ട്​ നൽകില്ലെന്ന് കേരളം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 06:55 PM  |  

Last Updated: 04th June 2021 06:55 PM  |   A+A-   |  

KSRTC_EPS

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ​കെഎസ്ആർടിസി ഡൊമെെന്റെ കാര്യത്തിൽ വിട്ടുവീഴച്ച ചെയ്യില്ലെന്ന് സിഎംഡി ബിജുപ്രഭാകർ. വിഷയം സ്​പർദ്ധയില്ലാതെ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കിരിന്റെയും കെഎസ്ആർടിസിയുടെയും ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിനില്ലെന്നും കേരളം വ്യക്തമാക്കി. ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കെഎസ്​ആർടിസി എന്ന പേരും, ലോ​ഗോയും, ആനവണ്ടിയും അം​ഗീകരിച്ച് ലഭിച്ചതിന്​ പിന്നാലെയാണ്​ കേരള ആർടിസി നിലപാട്​ വ്യക്​തമാക്കിയത്. 

രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. സെക്രട്ടറിമാർ തലത്തിലും, ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും. ഈ വിവരം ഔദ്യോ​ഗികമായി കർണാടകയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ ഓൺലൈനിൽ ടിക്കറ്റിനായി തെരയുമ്പോൾ കെഎസ്​ആർടിസി എന്ന ഡൊമെെന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നതിനാൽ ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവീസുകൾ ബം​ഗളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതുകൊണ്ട് കർണാടകയ്ക്കാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. ഇത് കേരളത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. 

KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്​മാർക്ക്​സിന്റെ ഉത്തരവ്​ പ്രകാരം കെഎസ്​ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്ന് ബിജുപ്രഭാകർ പറഞ്ഞു. ലോ​ഗോയും മറ്റു കാര്യങ്ങളിലും ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.