ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തും; സർവകക്ഷി യോഗത്തിൽ ധാരണ

By സമകാലിക മലയാളം ഡെസ്ക്  |   Published: 04th June 2021 08:10 PM  |  

Last Updated: 04th June 2021 08:10 PM  |   A+A-   |  

minority education scholarship

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധ സമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവകക്ഷി യോഗത്തിൽ ധാരണ. ഏതു തരത്തിൽ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നിയമവിദഗ്ധരുമായി ചർച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സമൂഹം ആർജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ. വിജയരാഘവൻ (സിപിഎം.) ശൂരനാട് രാജശേഖരൻ (ഐഎൻസി), കാനം രാജേന്ദ്രൻ (സിപിഐ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി തോമസ് (ജനതാദൾ എസ്), പിസി ചാക്കോ (എൻസിപി), ഡോ. കെസി ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), ജോർജ് കുര്യൻ (ബിജെപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), അഡ്വ. വേണുഗോപാലൻ നായർ (കേരള കോൺഗ്രസ് ബി), ഷാജി കുര്യൻ (ആർഎസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോൺഗ്രസ് ജേക്കബ്), വർഗ്ഗീസ് ജോർജ്(ലോക് താന്ത്രിക് ജനതാദൾ), എഎ അസീസ് (ആർഎസ്പി) എന്നിവർ യോഗത്തിൽ സംസാരിച്ചു.