സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റി?; ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 02:43 PM  |  

Last Updated: 04th June 2021 02:43 PM  |   A+A-   |  

surendran

ഫയൽ ചിത്രം

 

റാന്നി: തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണം. പത്തനംതിട്ട ഡിസിസി  ജനറല്‍ സെക്രട്ടറി വിആര്‍ സോജിയാണ് പെട്ടികളിലെ ദുരൂഹതമാറ്റണമെന്നാവശ്യപ്പെട്ടത് രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോന്നിയിലെ ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റിയിരുന്നുവെന്നും  ഈ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കെ സുരേന്ദ്രന് ബിജെപി ഹെലികോപ്റ്റര്‍ നല്‍കിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട് പെരുന്നാട് മാമ്പാട്  സ്വകാര്യ വ്യക്തിയുടെ ഹെലിപാഡ്  എന്നിവിടങ്ങളിലാണ് ഹെലികോപ്റ്ററില്‍ സുരേന്ദ്രന്‍ വന്നിറങ്ങിയത്.  ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നതായും അന്നേ ഈ ബാഗുകള്‍  പരിശോധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും സോജി പറയുന്നു.

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രചാരണ സ്ഥലങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ചും അവിടുത്തെ സാമ്പത്തിക ക്രയവിക്രയങ്ങളേക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ഏന്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഐസക് വർഗീസ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ കെ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെ പ്രതിസന്ധിയിലാക്കും