അന്വേഷണം സുരേഷ് ഗോപിയിലേക്കും, മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th June 2021 08:05 AM |
Last Updated: 05th June 2021 08:11 AM | A+A A- |

സുരേഷ് ഗോപി/ഫയല്‍ ചിത്രം
തൃശൂർ; കൊടകര കുഴൽപ്പണക്കേസിൽ ബിജെപി എംപിയും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. സുരേഷ് ഗോപിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആന്വേഷണ സംഘം ആലോചിക്കുന്നത്. താരത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ധർമരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനാവും വിളിച്ചുവരുത്തുക. കൂടാതെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ആരായും. കുഴൽപ്പണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമാണെന്നും സൂചനകളുണ്ട്.
അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് നൽകി. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും നിരവധി തവണ കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.
ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.