ഓക്‌സിജന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, ആ മാനസികരോഗി നമ്മള്‍ കരുതുന്നതുപോലെ മരങ്ങളല്ല; പരിസ്ഥിതി ദിന ചിന്തകള്‍

ഓക്‌സിജന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, ആ മാനസികരോഗി നമ്മള്‍ കരുതുന്നതുപോലെ മരങ്ങളല്ല; പരിസ്ഥിതി ദിന ചിന്തകള്‍
എക്‌സ്പ്രസ് ഫയല്‍ ഫോട്ടോ
എക്‌സ്പ്രസ് ഫയല്‍ ഫോട്ടോ


തിവു പോലെ നമ്മളെല്ലാം മരംനട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ പുതിയ ചില ചിന്തകള്‍ പങ്കുവയ്ക്കുകയാണ്, ശാസ്ത്രചിന്തകനായ വൈശാഖന്‍ തമ്പി ഈ കുറിപ്പില്‍. പരിസ്ഥിതി സംരക്ഷണമന്നാല്‍ മരംനടല്‍ മാത്രമാണോയെന്നും അതല്ല, മരത്തിനും കാടിനുമൊപ്പം എന്തെല്ലാംകൂടി ആ ചിന്തകളില്‍ ഉള്‍ച്ചേരേണ്ടതുണ്ടെന്നും സൂചിപ്പിക്കുകയാണ് അദ്ദേഹം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പു വായിക്കാം:


രത്തില്‍ കെട്ടിയ പശുവിനെപ്പോലെയാണ് നമ്മുടെ പരിസ്ഥിതിദിനം. പരിസ്ഥിതി എന്താണ്, അതിന്റെ സമഗ്രമായ മാനങ്ങള്‍ എന്തൊക്കെയാണ്, അതിനെ എന്തിന് സംരക്ഷിക്കണം, അതിനെ എങ്ങനെയൊക്കെ സംരക്ഷിക്കാം, പരിസ്ഥിതിനാശം എങ്ങനെയൊക്കെ സംഭവിക്കാം, കാലാവസ്ഥയില്‍ എന്ത് മാറ്റമാണ് വരുന്നത്, കാലാവസ്ഥ മാറിയാല്‍ എന്ത് സംഭവിക്കാം, എന്നിങ്ങനെ അസംഖ്യം ചോദ്യങ്ങളുടെയെല്ലാം കൂടി ഉത്തരം മരം എന്ന ഒറ്റ സാധനത്തിന് ചുറ്റും ഇങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. 
മരങ്ങള്‍ എന്തിന് സംരക്ഷിക്കപ്പടണം എന്ന ചോദ്യത്തിന് സ്‌കൂള്‍ ക്ലാസ്സ് മുതലേ റെഡി മെയ്ഡായിട്ടുള്ള ഉത്തരമുണ്ട്, ഓക്‌സിജന്‍! വൈറസ് ബാധിച്ച് ശ്വാസകോശത്തിന് ഫലപ്രദമായി ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് പോലും മരവും ചുമന്നുകൊണ്ടുവരുന്ന കാഴ്ച ഈ വിഷയത്തിലുള്ള നമ്മുടെ പൊതുധാരണയുടെ ഒരു നേര്‍ചിത്രമാണ്. ചെടിച്ചട്ടിയില്‍ നിന്നും ചാണകക്കുഴിയില്‍ നിന്നുമൊക്കെ മൂക്കിലോട്ട് പൈപ്പിട്ട് ഫോട്ടോഷൂട്ട് നടത്തുന്നവരുടെ കാര്യം പിന്നെ പറയേണ്ട കാര്യമില്ലല്ലോ. കഷ്ടിച്ച് നൂറ് മീറ്റര്‍ പോലും ഉയരമില്ലാത്ത മരങ്ങള്‍ മേഘങ്ങളെ 'തടഞ്ഞുനിര്‍ത്തി' മഴപെയ്യിക്കും എന്ന് സ്‌കൂളില്‍ പഠിച്ചത് ഇന്നും ഓര്‍മ്മയുണ്ട്. അക്കൂട്ടത്തില്‍ തന്നെയാണ് മരങ്ങളുടെ ഈ പ്രാണവായുവിതരണത്തെ കുറിച്ചും പഠിച്ചത്. കുറച്ചുകൂടി കഴിഞ്ഞപ്പോഴാണ് അതിലെ പ്രശ്‌നം പിടികിട്ടിയത്.
സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത്, ഓക്‌സിജന്‍ പുറത്തുവിടുന്നു എന്നിടത്താണ് ഇതിന്റെ പിടിവള്ളി കിടക്കുന്നത്. സംഗതി 100% സത്യമാണ് താനും. പക്ഷേ വര്‍മ്മസാറേ ഒരു പ്രശ്‌നമുണ്ട്. വേറൊന്നുമല്ല, പ്രകാശസംശ്ലേഷണത്തിന്റെ കെമിസ്ട്രി! കാര്‍ബണ്‍ ഡയോക്‌സൈഡും ജലവും ചേര്‍ത്ത് സസ്യങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടാക്കുന്നതിന്റെ രാസസമവാക്യം താഴെ കൊടുക്കുന്നതുപോലെയാണ്. 
6 CO2 + 6 H2O ? C6H12O6 + 6 O2
അതായത്, ആറ് തന്മാത്ര ജലവും ആറ് തന്മാത്ര കാര്‍ബണ്‍ ഡയോക്‌സൈഡും ചേര്‍ന്ന് ഒരു തന്മാത്ര കാര്‍ബോഹൈഡ്രേറ്റും ആറ് തന്മാത്ര ഓക്‌സിജനും ഉണ്ടാകുന്നു. കണക്ക് ശ്രദ്ധിക്കണം, അകത്തേയ്ക്ക് പോകുന്ന CO2 തന്മാത്രകളുടെ എണ്ണവും പുറത്തേയ്ക്ക് വരുന്ന O2 തന്മാത്രകളുടെ എണ്ണവും തുല്യമാണ്. അഥവാ എത്ര തന്മാത്ര ഓക്‌സിജന്‍ പുറത്തുവരുന്നോ അത്ര തന്നെ കാര്‍ബണ്‍ ഡയോക്‌സൈഡ് തന്മാത്രകളെയേ അകത്തേയ്ക്കും എടുക്കുന്നുള്ളൂ. പക്ഷേ മരങ്ങളിങ്ങനെ കാലാകാലങ്ങളായി ഈ പരിപാടി ചെയ്തിട്ടും, അന്തരീക്ഷവായുവില്‍ ഓക്‌സിജന്റെ ഓഹരി  21 ശതമാനവും, കാര്‍ബണ്‍ ഡയോക്‌സൈഡിന്റേത് വെറും 0.04 ശതമാനം മാത്രവുമാണ്. അതെന്താണ് അങ്ങനെ? 0.04% മാത്രമുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുത്ത് 21% വരുന്ന ഓക്‌സിജന്‍ ഉണ്ടാക്കുന്നതെങ്ങനെ? ന്യായമായ ചോദ്യമെന്ന് തോന്നുന്നുവെങ്കില്‍ വേദനിപ്പിക്കുന്ന ചില സത്യങ്ങള്‍ കൂടി നകുലന്‍ ഇനി മനസ്സിലാക്കാന്‍ തുടങ്ങുകയാണ്. 
പ്രകാശസംശ്ലേഷണം എന്നത് ചെടികള്‍ അവയ്ക്കാവശ്യമായ ആഹാരം നിര്‍മിക്കുന്ന പ്രക്രിയയാണ് എന്നോര്‍ക്കണം. പക്ഷേ ആഹാരം ഉണ്ടാക്കിയാല്‍ പോരല്ലോ, അത് കഴിച്ച് ദഹിക്കുമ്പോഴാണല്ലോ അതിന്റെ ഉദ്ദേശ്യം നിര്‍വഹിക്കപ്പെടുന്നത്. ചെടികള്‍ക്കും ഇത് ബാധകമാണ്. ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാശ്യമായ ഊര്‍ജം ലഭിക്കാന്‍ അവയ്ക്ക് കോശശ്വസനം (cellular respiration) എന്നൊരു പ്രക്രിയ വഴി കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുക എന്നൊരു ജോലി കൂടിയുണ്ട്. ഈ രാസപ്രവര്‍ത്തനം ഓക്‌സിജനെ അകത്തേയ്‌ക്കെടുത്ത് കാര്‍ബണ്‍ ഡയോക്‌സൈഡിനെ പുറത്തേയ്ക്ക് വിടുന്ന ഒന്നാണ്‍ വായിച്ചത് ശ്രദ്ധിച്ചായിരുന്നോ? ഓക്‌സിജനെ അകത്തേയ്‌ക്കെടുക്കും എന്നാണ് പറഞ്ഞത്. പ്രകാശസംശ്ലേഷണം പകല്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലേ നടക്കൂ. കോശശ്വസനം നടക്കുന്നത് രാത്രിയിലാണ്. പകല്‍ പുറത്തുവിടുന്ന ഓക്‌സിജന്റെ ഏതാണ്ട് പകുതിയിലധികവും കാടുകള്‍ രാത്രി കോശശ്വസനത്തിനായി വലിച്ചെടുക്കും. 
അതായത്, നമുക്ക് ശ്വസിക്കാന്‍ വേണ്ടി ഇങ്ങനെ ഓക്‌സിജന്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന, ആ മാനസികരോഗി നമ്മള്‍ കരുതുന്നതുപോലെ മരങ്ങളല്ല! മരങ്ങള്‍ക്ക് അതില്‍ താരതമ്യേന വളരെ ചെറിയ പങ്കേ നിര്‍വഹിക്കാനുള്ളൂ. കോശശ്വസനത്തിന് പുറമേ, കാടുകളില്‍ മരങ്ങളില്‍ നിന്ന് കൊഴിഞ്ഞുവീഴുന്ന ഇലകളും ചില്ലകളുമൊക്കെ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മജീവികള്‍ വലിച്ചെടുക്കുന്ന ഓക്‌സിജന്‍ കൂടി പരിഗണിച്ചാല്‍ കാടുകള്‍ മൊത്തത്തില്‍ അന്തരീക്ഷത്തിലേയ്ക്ക് കൂട്ടിചേര്‍ക്കുന്ന ഓക്‌സിജന്റെ അളവ് വളരെ തുച്ഛമാണ്. 
അപ്പോപ്പിന്നെ ആ 21% ഓക്‌സിജന്‍ എവിടുന്ന് വന്നു? സമുദ്രങ്ങളാണ് അതിലെ പ്രധാന സ്രോതസ്സ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫൈറ്റോപ്ലാങ്ടണുകള്‍ (phytoplanktons) എന്നറിയപ്പെടുന്ന സൂക്ഷ്മജീവികളും കുറേ ബാക്ടീരികളും ഒക്കെയാണ് അതിന് ഉത്തരവാദികള്‍. അവിടേയും കോശശ്വസനത്തിന് പ്രസക്തിയുള്ളതുകൊണ്ട്, ഇതങ്ങനെ പെട്ടെന്ന് നടക്കുന്ന ഒരു പ്രക്രിയയല്ല. ഇവയില്‍ പലതും മരിയ്ക്കുമ്പോള്‍ ഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ വിഘടിക്കുന്നതിന് പകരം അടിത്തട്ടില്‍ പോയി അടിയുന്നതുകൊണ്ടാണ് ഓക്‌സിജന്‍ മിച്ചം വരുന്നത്. അപ്പോഴും, ഈ പ്രക്രിയ കോടിക്കണക്കിന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടാണ് ഇന്ന് കാണുന്ന അളവിലേയ്ക്ക് ഓക്‌സിജന്‍ അന്തരീക്ഷത്തിലേയ്ക്ക് എത്തിയത്. ഇനിയും ലക്ഷക്കണക്കിന് വര്‍ഷം എല്ലാ ജീവികള്‍ക്കും കൂടി ശ്വസിക്കാനുള്ള ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ സുലഭമായിട്ടുണ്ട്. 
അപ്പോപ്പിന്നെ പരിസ്ഥിതി? അത് ഒരുപാട് സ്വിച്ചുകള്‍ ഉള്ള ഒരു സങ്കീര്‍ണ ഉപകരണം പോലെയാണ്. അത് ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നോക്കിയപ്പോള്‍ പെട്ടെന്ന് കണ്ണില്‍ പെടുന്ന ഒരു വലിയ സ്വിച്ച് കണ്ടു, മരങ്ങള്‍! അതില്‍പ്പിടിച്ച് തിരിച്ചോണ്ടിരിക്കുകയാണ് നമ്മള്‍. എന്തോ ഭയങ്കര റിപ്പയര്‍ പണി ചെയ്യുന്ന മട്ടിലാണ് ചെയ്യുന്നത്. അതില്‍ നിന്നൊന്ന് കണ്ണെടുത്താലല്ലേ, വേറെയും സ്വിച്ചുകളുണ്ട് എന്നെങ്കിലും ഒന്ന് ശ്രദ്ധിക്കാന്‍ പറ്റൂ! 
(Antibinary warning: പരിസ്ഥിതിയില്‍ മരങ്ങള്‍ പ്രധാനപ്പെട്ടതല്ല എന്നല്ല ഈ പറഞ്ഞിരിക്കുന്നത്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com