നടക്കാന്‍ പോലും കഴിയാതായി, കാലില്‍ വലിയ പൊള്ളല്‍; ആലപ്പുഴയിലും ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 10:24 AM  |  

Last Updated: 06th June 2021 10:24 AM  |   A+A-   |  

blister beetle attack

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ:  കൊച്ചിയില്‍ ഉണ്ടായ വണ്ടിന്റെ ആക്രമണം ആലപ്പുഴയിലും. ആലപ്പുഴ ഇന്ദിരാ ജംക്ഷനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് മാനേജര്‍ തോണ്ടന്‍കുളങ്ങര നികര്‍ത്തില്‍ രഞ്ജിത് രമേശനാണ് ത്വക്കില്‍ പൊള്ളലേല്‍പ്പിക്കുന്ന ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണത്തിന് ഇരയായത്.

കാലുകള്‍ക്കു പൊള്ളലേറ്റതിനെത്തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു തിരിച്ചറിഞ്ഞത്. 
നാലു ദിവസം മുന്‍പ് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ ഇടതുകാലിന്റെ മുട്ടിനു സമീപം ചൊറിച്ചിലോടെയായിരുന്നു തുടക്കമെന്ന് രഞ്ജിത് രമേശന്‍ പറയുന്നു. അടുത്ത ദിവസമായപ്പോള്‍ ആ ഭാഗത്ത് പൊള്ളലേറ്റു. വൈകുന്നേരമായപ്പോള്‍ നടക്കാന്‍ കഴിയാതായി. ഡോക്ടറെ കണ്ടപ്പോള്‍ താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള മരുന്നു നല്‍കി. അടുത്ത ദിവസമായപ്പോള്‍ കാലില്‍ വലിയ പൊള്ളലായി. വലതു കാലിലും അതേ ഭാഗത്ത് കുമിളകള്‍ വരാന്‍ തുടങ്ങി. കാലിന്റെ കീഴ് ഭാഗത്തും പൊള്ളലുണ്ടായിട്ടുണ്ട്. ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയിലെ ത്വക്രോഗ വിഭാഗത്തില്‍ കാണിച്ചു. അപ്പോഴാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ആക്രമണമാണെന്നു മനസ്സിലായതെന്ന് രഞ്ജിത് രമേശന്‍ പറയുന്നു.

പുന്നപ്രയിലും ഒരാള്‍ക്ക് സമാനമായ രീതിയില്‍ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ മാസം എറണാകുളത്ത് കാക്കനാട് മേഖലയില്‍ നൂറോളം പേര്‍ക്ക് ബ്ലിസ്റ്റര്‍ ബീറ്റില്‍ എന്നറിയപ്പെടുന്ന ചെറു പ്രാണിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റിരുന്നു.

ബ്ലിസ്റ്റര്‍ ബീറ്റില്‍ (ആസിഡ് ഫ്‌ലൈ) എന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റര്‍ ബീറ്റില്‍ ഡെര്‍മറ്റൈറ്റിസ് എന്ന ത്വക് രോഗമുണ്ടാക്കുന്നത്. മഴക്കാലത്താണ് ഇവയുടെ ആക്രമണം കൂടുതലാകുന്നത്. ചെടികള്‍ കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളാണ് സാധാരണ ഇവയുടെ വ്യാപന കേന്ദ്രം. രാത്രിയില്‍ വെളിച്ചമുള്ള പ്രദേശങ്ങളിലേക്ക് ഇവ ആകര്‍ഷിക്കപ്പെടും. ഇവയുടെ ശരീരത്തില്‍ നിന്നു വരുന്ന സ്രവം ശരീരത്തില്‍ തട്ടുമ്പോള്‍ ആ ഭാഗം ചുവന്നു തടിക്കുകയും പൊള്ളുകയും ചെയ്യും. കൂടുതല്‍ സമയം ഈ സ്രവം ശരീരത്തില്‍ നിന്നാല്‍ പൊള്ളലിന്റെ ആഴം കൂടുകയും തൊലി അടര്‍ന്നുപോകുകയും ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു.

രാത്രികാലങ്ങളില്‍ ജനാലകളും വാതിലുകളും അടച്ചിടുകയാണ് പ്രധാന പരിഹാരം. ഇരുട്ടുമുറിയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചമുണ്ടെങ്കില്‍ അവ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നതിനാല്‍ മുഖത്തും കൈകളിലും ഇവ വന്നിരിക്കാന്‍ സാധ്യതയുണ്ട്. ഇവ ശരീരത്തില്‍ വന്നിരുന്നാല്‍ തട്ടി നീക്കുന്നതിനു പകരം കുടഞ്ഞു കളയുക. വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയ ശേഷം പൊള്ളലേറ്റിട്ടുണ്ടെങ്കില്‍ ചര്‍മരോഗ വിദഗ്ധനെ കാണിക്കുക. കണ്ണില്‍ ഇവയുടെ സ്രവം പറ്റിയിട്ടുണ്ടെങ്കില്‍ പച്ചവെള്ളമുപയോഗിച്ച് കഴുകിയ ശേഷം അടിയന്തരമായി ഡോക്ടറെ കാണണമെന്ന് വിദഗ്ധര്‍ പറയുന്നു.