ബിജെപിയെ കൊത്തിക്കീറാന്‍ ശ്രമം; കൊടകര കേസില്‍ പ്രതികള്‍ക്ക് സിപിഎം - സിപിഐ ബന്ധം; കെ സുരേന്ദ്രന് പിന്തുണയുമായി ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 03:29 PM  |  

Last Updated: 06th June 2021 03:44 PM  |   A+A-   |  

bjp_kerala

കുമ്മനം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ

 

കൊച്ചി: ബിജെപി കോര്‍ കമ്മറ്റി യോഗം ഹോട്ടലില്‍ നിന്ന് മാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍. ബിജെപിയെ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. സിപിഎം നിലപാട് ഫാസിസമാണമെന്നും കുമ്മനം പറഞ്ഞു. 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ഒരു യോഗം പോലും ബിജെപിയെ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ കുറെ നാളായി സിപിഎമ്മും ചില മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണ്. സര്‍ക്കാരിനെതിരെയുള്ള എതിര്‍ശബ്ദമില്ലാതിരിക്കാനാണ് അവര്‍  ശ്രമിക്കുന്നത്. ബിജെപിയെ വളഞ്ഞിട്ടാക്രമിക്കുകയാണ്. എൽഡിഎഫിനും യുഡിഎഫിനും എതിരായ വലിയ മുന്നേറ്റമാണ് ബിജെപി നടത്തിയത്. ഒൻപത് സ്ഥലത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. ഏതു വിധേനയും ബിജെപിയെ തകർക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണിത്. 

ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്‍റെ മകനെ ചോദ്യംചെയ്യാന്‍ പോകുന്നത് പാര്‍ട്ടിയെ അവഹേളിക്കാനാണ്. സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്. വെല്ലുവിളി പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇന്നുചേരുന്ന കോർകമ്മിറ്റി എല്ലാ വിഷയവും വിശദമായി പരിശോധിക്കുമെന്നും കുമ്മനം പറഞ്ഞു

കൊടകരക്കുഴല്‍പ്പണ കേസിലെ പ്രതികള്‍ സിപിഐയും സിപിഎമ്മുകാരാണ്. അവരെക്കുറിച്ച് എന്തുകൊണ്ടാണ് പൊലീസ് പറയാത്തത്. ബിജെപിയെ ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ വേണ്ടിയാണ് അന്വേഷണത്തിലൂടെ അവര്‍ ചെയ്യുന്നത്. പൊലീസ് സിപിഎമ്മുകാരാണോ?, ബിജെപിയെ നശിപ്പിക്കാന്‍ ഇവര്‍ ആരില്‍ നിന്നെങ്കിലും അച്ചാരം വാങ്ങിയിട്ടുണ്ടോ?. ഇതിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിച്ച് ജനകീയ പോരാട്ടം തുടരുമെന്ന് കുമ്മനം പറഞ്ഞു.

 പച്ചക്കറി കച്ചവടം നടത്തി പണം സമ്പാദിച്ചതിനാണോ കോടിയേരിയുടെ മകൻ ജയിലിൽ കിടക്കുന്നത്. കള്ളപ്പണക്കേസില്‍ ബിജെപിയോട് കള്ളപ്പണം എവിടെയെന്ന് ചോദിക്കാനുള്ള ധാര്‍മികത  കോടിയേരിയ്ക്കുണ്ടോ?. കള്ളപ്പണത്തിന്റെ ഉറവിടം കാണിക്കാനാവത്തതുകൊണ്ടാണ്‌ ഇപ്പോള്‍ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിക്കാത്തതെന്നും കുമ്മനം പറഞ്ഞു.