'ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല'; ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു, സുരേന്ദ്രനെ വെല്ലുവിളിച്ച് മുരളീധരന്‍

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എതിരെ ഉന്നിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി
കെ സുരേന്ദ്രന്‍, കെ മുരളീധരന്‍
കെ സുരേന്ദ്രന്‍, കെ മുരളീധരന്‍


കൊച്ചി: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എതിരെ ഉന്നിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി. 'ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആരോപണ വിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍.'- മുരളീധരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബിജെപി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബിജെപി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്.
ബിജെപി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കെ സുരേന്ദ്രന്‍ മുരളീധരന് എതിരെ കടുത്ത പരാമര്‍ശം നടത്തിയിരുന്നു. 'മോദിക്കെതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് താങ്കള്‍ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോണ്‍ഗ്രസിലെ ഉപശാലാ കണക്കപ്പിള്ളമാര്‍ പറയുന്നത്. അതില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേള്‍ക്കുന്നു..' ഇതായിരുന്നു മുരളീധരനെ ഉന്നമിട്ടുള്ള സുരേന്ദ്രന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com