ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സേവനം കൂടി; ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ പികളും

എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും കൂടിയാണ് ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തിയത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്. ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പി.കള്‍ കൂടി ആരംഭിക്കുന്നതാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായിരിക്കും ഈ ഒ പികള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളജുകളിലെ വിവിധ സ്പെഷ്യാലിറ്റികളിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇ സഞ്ജീവനിയിലൂടെ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം രണ്ട് മെഡിക്കല്‍ കോളജുകള്‍ എന്ന നിലയില്‍ സേവനം നിര്‍വഹിക്കുന്നതാണ്. അതത് വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവരാണ് സ്പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ പി.ജി. ഡോക്ടര്‍മാരേയും സീനിയര്‍ റസിഡന്റുമാരേയും ഉള്‍പ്പെടുത്തി ജനറല്‍ ഒ.പി., കോവിഡ് ഒ.പി. എന്നിവയും വിപുലീകരിക്കുന്നതാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയാണ് സേവനങ്ങള്‍ പൂര്‍ണസജ്ജമാക്കുന്നത്.

കോവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വക്ക് രോഗം, ഇ.എന്‍.ടി., ഒഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം 5 മണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ടോക്കണ്‍ എടുക്കുന്ന എല്ലാവര്‍ക്കും ചികിത്സ നല്‍കാനാണ് തീരുമാനം. 

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.

ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com